2008ലെ ഐപിഎല്ലിൽ കൊഹ്‌ലിയെ ഡൽഹിയിൽ നിന്ന് ഒഴിവാക്കിയത് ആ താരത്തിനുവേണ്ടി: വെളിപ്പെടുത്തി സെവാഗ്
ബംഗളൂരു: ഐപിഎൽ 2026 സീസണിലും റെക്കാഡുകൾ തകർത്ത് വിരാട് കൊഹ്‌ലി മുന്നേറുമ്പോൾ, 18 വർഷം മുൻപ് ഡൽഹി ടീമിന് പറ്റിയ വൻ അബദ്ധത്തെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. 2008-ലെ കന്നി ഐപിഎൽ സീസണിൽ വിരാട് കൊഹ്‌ലിയെ സ്വന്തമാക്കാൻ ലഭിച്ച സുവർണാവസരം ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്) എങ്ങനെ പാഴാക്കി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡൽഹിയുടെ മുൻ നായകൻ വീരേന്ദർ സെവാഗ്. ജിയോ ഹോട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിക്കാരനായ കൊഹ്‌ലിയെ അവർ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടംകൈയ്യൻ പേസറായ പ്രദീപ് സാംഗ്‌വാനെയാണ് ഡൽഹി തിരഞ്ഞെടുത്തത്. അവസരം ലഭിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഒട്ടും വൈകാതെ കൊഹ്‌ലിയെ സ്വന്തമാക്കുകയും ചെയ്‌തു. അന്ന് തുടങ്ങിയ ആ ബന്ധം 19 സീസണുകൾ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുന്നു.
'അന്ന് ഞങ്ങളുടെ ടീമിൽ ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാർ ഒരുപാടുണ്ടായിരുന്നു. ഞാനും ഗൗതം ഗംഭീറും ആയിരുന്നു ഓപ്പണർമാർ. ശിഖർ ധവാൻ, തിലകരത്‌നെ ദിൽഷൻ, മനോജ് തിവാരി എന്നിവർ ടീമിലുണ്ടായിരുന്നു. കൊഹ്‌ലിയും മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യുന്ന താരമായിരുന്നു. അന്ന് ഞങ്ങൾക്ക് ബാറ്റ്സ്മാന്മാരേക്കാൾ ആവശ്യം ഒരു ബൗളറെയായിരുന്നു. അതുകൊണ്ടാണ് കൊഹ്‌ലിയെ ഒഴിവാക്കിപ്രദീപ് സാംഗ്‌വാനെ എടുത്തത്.'- സെവാഗ് പറഞ്ഞു.
അന്ന് ഡൽഹി കൈവിട്ട കൊഹ്‌ലി ഇന്ന് ഐപിഎല്ലിലെ വിസ്മയമായി മാറി. 19 സീസണുകൾ ഒരേ ടീമിനായി തുടർച്ചയായി കളിക്കുന്ന ഏക താരമാവുകയും, 272 മത്സരങ്ങളിൽ നിന്ന് 8,889 റൺസ് എന്ന റെക്കാഡും താരം സ്വന്തമാക്കി. 2026 സീസണിന് മുന്നോടിയായി 21 കോടി രൂപയ്ക്കാണ് ആർസിബി കൊഹ്ലിയെ നിലനിർത്തിയത്.