വാൽപ്പാറയിൽ വാഹനാപകടം; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം
Friday 17 April 2026 6:51 PM IST
പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. 12 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. എട്ട് സ്‌ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ മാറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം പാങ്ങ് എൽപി സ്‌കൂളിൽ നിന്നും വിനോദ യാത്രയ്‌ക്കെത്തിയ അദ്ധ്യാപകരുടെ സംഘമാണ് മിനി വാനിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
അപകടം നടന്നയുടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരും പിന്നാലെയെത്തിയ പൊലീസും ഫയർഫോഴ്സും കൈകോർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. വാനിലുണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഏറെ പണിപ്പെടേണ്ടി വന്നതായാണ് വിവരം. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.