കേരളത്തിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍; പ്രഖ്യാപനവുമായി വിമാനക്കമ്പനി

Friday 17 April 2026 9:17 PM IST

ദോഹ: വേനല്‍ക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി. ഖത്തര്‍ എയര്‍വേയ്‌സ് ആണ് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് പുതിയ സര്‍വീസ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരും.

ജൂണ്‍ 16 മുതല്‍ സെപ്റ്റംബര്‍ 15 വരെ 150ലധികം സ്ഥലങ്ങളിലേക്കുള്ള പുതുക്കിയ ഷെഡ്യൂളാണ് ഖത്തര്‍ എയര്‍വേയ്‌സ് പുറത്തിറക്കിയത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബയ്, ചെന്നൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും തുടരും. വരാനിരിക്കുന്ന വേനല്‍ക്കാലത്ത് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ പുതിയ ഷെഡ്യൂള്‍ സഹായകമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവില്‍ ഫെബ്രുവരി 28നും സെപ്റ്റംബര്‍ 15നും ഇടയില്‍ ടിക്കറ്റെടുത്തവര്‍ക്ക് ഒക്ടോബര്‍ 31 വരെയുള്ള മറ്റൊരു തീയതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാവുന്നതാണ്. സീറ്റുകളുടെ ലഭ്യതക്കും സീസണ്‍ നിരക്കുകള്‍ക്കും ഇത് ബാധകമായിരിക്കും. കൂടാതെ, സൗജന്യമായ റീഫണ്ടിന് അര്‍ഹതയുണ്ടായിരിക്കും.

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പുതുക്കിയ സമയവിവരങ്ങള്‍ സംബന്ധിച്ച മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പ് നേരിട്ട് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും വെബ്സൈറ്റോ ആപ്പോ വഴി വിവരങ്ങള്‍ പരിശോധിക്കണമെന്നും ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.