ഒറ്റയ്ക്ക് പൊരുതി കാമറൂണ്‍ ഗ്രീന്‍; കൊല്‍ക്കത്തയ്‌ക്കെതിരെ ഗുജറാത്തിന് റണ്‍സ് വിജയലക്ഷ്യം

Friday 17 April 2026 9:31 PM IST

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 181 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി നേടി അവസാന പന്തില്‍ പുറത്തായ കാമറൂണ്‍ ഗ്രീന്‍ 79(55) ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മികച്ച ബാറ്റിംഗ് പിച്ചില്‍ ഗ്രീനിന് മറുവശത്ത് നിന്ന് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു.

ഓപ്പണര്‍മാരായ ടിം സൈഫര്‍ട്ട് 19(14), ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 0(1) എന്നിവരും മൂന്നാമനായി എത്തിയ അന്‍ക്രിഷ് രഘുവംശിയും 8(4) പെട്ടെന്ന് മടങ്ങി. നാലാമനായി എത്തിയ കാമറൂണ്‍ ഗ്രീന്‍ ഒരുവശത്ത് നിന്ന് ഒറ്റയ്ക്ക് പോരാടുകയായിരുന്നു. ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ ഇന്നിംഗ്‌സ്. 20 പന്തില്‍ 27 റണ്‍സെടുത്ത റോവ്മാന്‍ പവല്‍ മാത്രമാണ് പിന്നീട് കെകെആര്‍ നിരയില്‍ പിടിച്ചുനിന്നത്. അനുകൂല്‍ റോയ് 9(7), റിങ്കു സിംഗ് 1(2) എന്നിവരും നിറംമങ്ങി.

രമണ്‍ദീപ് സിംഗ് 17(8), സുനില്‍ നരെയ്ന്‍ 0(5), കാര്‍ത്തിക് ത്യാഗി 6(4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും അശോക് ശര്‍മ്മയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചു. പ്രസീദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. സീസണിലെ ആറാം മത്സരം കളിക്കുന്ന കൊല്‍ക്കത്ത തങ്ങളുടെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.