വിഷുച്ചന്ത ഹിറ്റ്, കുടുംബശ്രീക്ക് കൈനിറയെ കൈനീട്ടം
പാലക്കാട്: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടന്ന വിഷുച്ചന്തയിൽ 44.24 ലക്ഷം രൂപ വിറ്റുവരവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.24 ലക്ഷം രൂപയുടെ വർദ്ധനവ്. കഴിഞ്ഞവർഷം സി.ഡി.എസ് വിഷുച്ചന്തയിൽ നിന്ന് മാത്രം 40 ലക്ഷം രൂപ നേടിയിരുന്നു. 41 സി.ഡി.എസുകളിലായിരുന്നു അന്ന് ചന്ത നടത്തിയത്. കോങ്ങാട് നടന്ന പാലക്കാട് ജില്ലാ വിപണന മേളയിൽ മാത്രം 1.67 ലക്ഷം രൂപ ലഭിച്ചു. ജില്ലയിലെ വിവിധയിടങ്ങളിലായി 97 സി.ഡി.എസ് ഗ്രൂപ്പുകളാണ് വിഷുച്ചന്ത സംഘടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിപണനമേള ആരംഭിച്ചത്. ബുധനാഴ്ചവരെ നീണ്ടുനിന്ന മേളയിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി, പഴങ്ങൾ, തുണിത്തരങ്ങൾ, വിഷുക്കണി വസ്തുക്കൾ, മെറ്റൽ ഉത്പന്നങ്ങൾ, ജ്യൂട്ട് ഉത്പ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, വിത്തുകൾ, പന കരിപ്പെട്ടി, വിവിധതരം അച്ചാറുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ വിൽപ്പനയ്ക്കായി എത്തിച്ചിരുന്നു. തിങ്കളാഴ്ചയാണ് സി.ഡി.എസ് തലത്തിലെ ചന്തകൾ തുടങ്ങിയത്. ജില്ലാമേളയിൽ ചുരുങ്ങിയ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാൻ തുടക്കം മുതൽ ആളുകളെത്തി. പ്രാദേശിക തലത്തിലെ ചന്തകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
താരം കണിവെള്ളരി
കുടുംബശ്രീ സി.ഡി.എസുകൾ വിളവെടുത്ത കണിവെള്ളരിയാണ് വിഷുച്ചന്തയിലെ താരം. ഇത്തവണ വിഷു പ്രമാണിച്ച് 76 ടൺ വെള്ളരി വിപണിയിലെത്തിച്ചിരുന്നു. ആലത്തൂർ, ചിറ്റൂർ, കുഴൽമന്ദം, കൊല്ലങ്കോട്, മണ്ണാർക്കാട്, ഒറ്റപ്പാലം, നെന്മാറ, പാലക്കാട്, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്കുകളിലെ 27 സംഘകൃഷി ഗ്രൂപ്പുകളാണ് കണിവെള്ളരി വിൽപ്പനയ്‌ക്കെത്തിയത്. ജില്ലയിൽ ആകെ 15.61 ഏക്കറിലായിരുന്നു കൃഷി. പരമ്പരാഗത രീതിയിലും ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന അത്യാധുനികരീതിയിലുമാണ് കൃഷി ചെയ്തത്. പല്ലശന ഒല്ലൂർ പാടത്ത് വിളവെടുത്ത കണിവെള്ളരികൾ സൗജന്യമായി വിതരണം ചെയ്തും കുടുംബശ്രീ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു.