ജൽ ജീവൻ ചതിച്ചു ! കുടിവെള്ളംമുട്ടി കൊന്നയ്ക്കമല
കോഴഞ്ചേരി : ജൽ ജീവൻ പദ്ധതി കാരണം ചെറുകോൽ പഞ്ചായത്ത് 11-ാം വാർഡിലെ കാട്ടൂർ കൊന്നയ്ക്കമല നിവാസികളുടെ കുടിവെള്ളം മുടങ്ങിയിട്ട് നാലുവർഷമാകുന്നു. വേനൽക്കാലത്ത് പണംനൽകി വെള്ളം വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. 2022ൽ ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനായി പഴയ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ നീക്കം ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. അന്നുമുതൽ കൊന്നയ്ക്കമലയിലെ 20 കുടുംബങ്ങൾ താമസിക്കുന്ന നഗറിലും സമീപത്തെ 60 വീടുകളിലും വെള്ളം കിട്ടാതെയായി. ജൽ ജീവൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചെങ്കിലും ജലവിതരണത്തിനുള്ള സംവിധാനം ഒരുക്കിയില്ല. വെള്ളം വാങ്ങി വലിയ ടാങ്കുകളിലും വീപ്പകളിലും ശേഖരിക്കുകയാണിപ്പോൾ. ഒരു കുടുംബത്തിന് വീട്ടാവശ്യത്തിനായി മാത്രം 2000 ലിറ്റർ വെളളം ഒരാഴ്ചത്തേക്ക് വേണ്ടിവരും. സ്വകാര്യ ജലവിതരണ കരാറുകാരാണ് വെള്ളമെത്തിക്കുന്നത്. 500 ലിറ്ററിന് 300 രൂപ ഇൗടാക്കും. പലപ്പോഴും ആവശ്യത്തിന് വെള്ളം ലഭിക്കാറുമില്ല.
കുളിക്കാനും വസ്ത്രങ്ങൾ അലക്കുവാനും മുൻവർഷങ്ങളിൽ പി.ഐ.പി കനാലായിരുന്നു ആശ്രയം. എന്നാലിപ്പോൾ കനാലിൽ വെള്ളമെത്തുന്നില്ല. രണ്ടുകിലോമീറ്ററോളം അകലെയുള്ള പമ്പാനദിയെ ആശ്രയിക്കുന്നവരുമുണ്ട്.
കുടിവെള്ളം മുടങ്ങിയ കുടുംബങ്ങൾ : 80
500 ലിറ്റർ വെള്ളത്തിന്റെ വില : 1000 രൂപ
ഒരുകുടുംബത്തിന് ഒരാഴ്ച വേണ്ട വെള്ളം : 2000 ലിറ്റർ
പൈപ്പിൽ ഒതുങ്ങി വമ്പൻ പദ്ധതി
ജൽ ജീവനിൽ 90 കോടിയോളം രൂപയുടെ ബൃഹത് പദ്ധതിയാണ് ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾക്കായി ഉൾപ്പെടുത്തിയിട്ടള്ളത്. നിലവിലുണ്ടായിരുന്ന 1200 കുടിവെള്ള കണക്ഷൻ 8000 ആയി വർദ്ധിപ്പിച്ചെങ്കിലും കൂടുതൽ സംവിധാനം ഒരുക്കിയില്ല. പുതമൺ പമ്പ്ഹൗസിൽ നിന്ന് ബൂസ്റ്റർ പമ്പുഹൗസിലേക്ക് എത്തിക്കുന്ന വെളളം തികയാതെ വന്നത് പ്രതിസന്ധിക്ക് കാരണമായി. ജലവിതരണത്തിനായി വലിയ പൈപ്പുലൈനുകൾ ഉപയോഗിച്ചതോടെ പ്രഷർ കുറഞ്ഞു. ഇത് ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങാൻ കാരണമായി.
മേയ് നാലിന് ശേഷമേ കുടിവെള്ളമെത്തിക്കാനാകൂ. ജലവിതരണത്തിന് പഞ്ചായത്ത് സംവിധാനം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാകുമെന്നതിനാലാണിത്.
അജീന നജീബ്,
ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ്