എൻ.ജി.ഒ അസോസിയേഷന് കെ.പി.സി.സിയുടെ താക്കീത്

Saturday 18 April 2026 12:25 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാദ്ധ്യത തെളിഞ്ഞതോടെ സർവീസ് സംഘടനയായ കേരള എൻ.ജി.ഒ അസോസിയേഷനിലെ തർക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി. അനാവശ്യ പ്രകോപനങ്ങൾ ഒഴിവാക്കി ഒത്തൊരുമയോടെ കാര്യങ്ങൾ നിർവഹിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർഖാനെയും ജനറൽ സെക്രട്ടറി എ.പി സുനിലിനെയും നേരിട്ട് കെ.പി.സി.സിയിൽ വിളിച്ചു വരുത്തിയാണ് പാർട്ടി നിർദ്ദേശം അറിയിച്ചത്. അസോസിയേഷനിലെ തർക്കങ്ങളെ തുടർന്ന് കെ.പി.സി.സി നേരിട്ട് ഇടപെട്ട് ചുമതല ഏൽപിച്ചവരാണ് നിലവിൽ അസോസിയേഷൻ നേതൃത്വത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്താൻ ഇരിക്കുന്ന സാഹചര്യത്തിൽ ബ്രാഞ്ച്,ജില്ലാ,സംസ്ഥാന സമ്മേളനങ്ങൾ വോട്ടെണ്ണൽ കഴിയുന്നതുവരെ നിറുത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് തിരുവനന്തപുരം പബ്ലിക് ഓഫീസ് ബ്രാഞ്ചിലെ സമ്മേളനം സംസ്ഥാന പ്രസിഡന്റ് തന്നെ നേരിട്ട് ഉദ്ഘാടനം ചെയ്തതാണ് കെ.പി.സി.സി നേതൃത്വത്തെ ചൊടിപ്പിച്ചത്.