'ആചാരങ്ങളെ വെല്ലുവിളിക്കാൻ ക്ഷേത്രത്തിലെത്തരുത്" തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ

Saturday 18 April 2026 12:32 AM IST

ന്യൂഡൽഹി: ക്ഷേത്രത്തെയും അവിടത്തെ ആചാരങ്ങളെയും വെല്ലുവിളിക്കാൻ ആരും ക്ഷേത്രത്തിൽ പോകരുതെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ വാദിച്ചു. ശബരിമല യുവതീ പ്രവേശന വിഷയമടക്കം പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ 9 അംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് ഇക്കാര്യം പറഞ്ഞത്. ക്ഷേത്രം തന്ത്രി, ആചാര സംരക്ഷണ സമിതി എന്നിവ‌ർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരിയാണ് ഹാജരായത്. ഓരോ ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും അതിന്റേതായ സവിശേഷതകളുണ്ട്. വിഗ്രഹാരാധന ഹിന്ദു മതത്തിലെ അവിഭാജ്യഘടകമാണ്. വിഗ്രഹം ദൈവമായി മാറുന്നു. ദേവന്റെ സ്വഭാവസവിശേഷതകൾ നിലനിർത്തേണ്ടത് ആരാധനയുടെ ഭാഗമാണ്. വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പോകേണ്ടത്. വെല്ലുവിളിക്കാനാകരുത്. ദേവന്റെ സ്വഭാവത്തെ ചോദ്യം ചെയ്യാൻ ക്ഷേത്രം സന്ദർശിക്കരുത്. മ്യൂസിയം പോലെ പോകേണ്ട ഇടമല്ല ക്ഷേത്രം. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ വിശ്വാസങ്ങൾക്ക്

അതീതമായി ഉയരണം

വിശ്വാസ വിഷയങ്ങൾ പരിഗണിക്കുമ്പോൾ ജഡ്‌ജിമാരും കോടതികളും വ്യക്തിപരമായ മതവിശ്വാസങ്ങൾക്ക് അതീതമായി ഉയരേണ്ടതുണ്ടെന്ന് ഒൻപതംഗ ബെഞ്ച് വാദംകേൾക്കലിനിടെ നിരീക്ഷിച്ചു. ആർത്തവ സമയത്ത് പല സ്ത്രീകളും ക്ഷേത്രങ്ങളിൽ പോകാറില്ലെന്ന് ആത്മാർത്ഥം ട്രസ്റ്റിന് വേണ്ടി ഹാജരായ അഡ്വ. എം.ആർ. വെങ്കിടേഷ് അറിയിച്ചു. പല കുടുംബങ്ങളിലും അതു അലിഖിത നിയമമാണ്. വീടുകളിലെ പൂജാമുറിയിൽ പോലും മാസമുറ സമയത്ത് സ്ത്രീകൾ പ്രവേശിക്കാറില്ല. ഇതു വിശ്വാസത്തിന്റെ ഭാഗമാണ്. ശാസ്ത്രീയമായി വിശദീകരണം നൽകാൻ തനിക്ക് കഴിയില്ല. ശാസ്ത്രം അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കും. അതുപോലെ തിരിച്ചുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. വാദമുഖങ്ങൾ ചൊവ്വാഴ്ച തുടരും. അന്ന് സംസ്ഥാന സർക്കാ‌ർ നിലപാടറിയിക്കുമെന്നാണ് സൂചന.