വിഴിഞ്ഞം നേട്ടമാക്കാൻ 3000 ഏക്കർ ഏറ്റെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണം കേരളത്തിനു പൂർണമായി ലഭിക്കാൻ, ലോജിസ്റ്റിക്സ് പാർക്കുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കുമായി 3,000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു സംരംഭകർക്ക് നൽകും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഭൂമി നോക്കുന്നത്. പണം കിഫ്ബി നൽകും. ആദ്യഘട്ടമായി തിരുവനന്തപുരത്ത് ഒരുവർഷത്തിനകം 1,000ഏക്കർ ഏറ്റെടുക്കാൻ കർമ്മപദ്ധതിയുണ്ടാക്കും. കണ്ടെയ്നർ, ലോജിസ്റ്റിക്സ്, വ്യവസായ മേഖലകൾ ശക്തിപ്പെടുകയും കയറ്റുമതി- ഇറക്കുമതി സാദ്ധ്യമാവുകയും ചെയ്താലേ തൊഴിലവസരങ്ങളും സംസ്ഥാനത്ത് സാമ്പത്തിക പുരോഗതിയും ഉണ്ടാകൂ. വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ തമിഴ്നാട് വൻതോതിൽ ഭൂമിയേറ്റെടുക്കുന്നത് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.
ലോകത്തെ 107തുറമുഖങ്ങളിലേക്ക് നേരിട്ട് സർവീസുള്ളതും ഏതു കൂറ്റൻ കപ്പലും അടുപ്പിക്കാനാവുന്നതുമായ വിഴിഞ്ഞം തുറമുഖ മേഖലയിൽ മുതൽമുടക്കാൻ നൂറിലേറെ സംരംഭകർ തയ്യാറാണ്. ഭൂമിയില്ലാത്തതാണ് പ്രശ്നം. കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ ഏജൻസി പത്തേക്കർ സ്ഥലംതേടി രണ്ടുവർഷമായി അലയുകയാണ്.
10കിലോമീറ്റർ ചുറ്റളവിൽ നിക്ഷേപം നടത്താനാണ് സംരംഭകർക്ക് താത്പര്യം. കൊല്ലംവരെ നീളുന്ന വ്യവസായ ഇടനാഴി സജ്ജമാക്കി സംരംഭകരെ പിടിച്ചുനിറുത്താനാണ് ശ്രമം. തുറമുഖ കമ്പനി 810കോടി ചെലവിൽ 230ഏക്കർ ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി.
തോട്ടങ്ങളും പാട്ട ഭൂമിയും
പ്രയോജനപ്പെടുത്താം
സർക്കാർ ഏജൻസികളുടേതടക്കം തോട്ടങ്ങളും പാട്ടഭൂമിയും തരിശുകിടക്കുന്ന സ്വകാര്യഭൂമിയുമടക്കം ഏറ്റെടുക്കാനാണ് ശ്രമം. തോട്ടംഭൂമി ഉപയോഗിക്കാനായാൽ വ്യവസായ ക്ലസ്റ്ററുകളും ലോജിസ്റ്റിക്സ് പാർക്കുകളും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളുമടക്കം സ്ഥാപിക്കാം. 5.25ലക്ഷം ഏക്കർ തോട്ടംഭൂമി വൻകിടക്കാരുടെ പക്കലുണ്ട്. ഇവ ഏറ്റെടുത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് സർക്കാരിനു നേരത്തേ സെക്രട്ടറിതല സമിതിയുടെ ശുപാർശ ലഭിച്ചിരുന്നു. എന്നാൽ ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടംഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. നിയമഭേദഗതി വേണ്ടിവരും.
വികസന സോണുകൾ
1. 50കിലോമീറ്റർ ചുറ്റളവിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ വികസിപ്പിക്കാനാണ് തീരുമാനം. പലയിടങ്ങളിലായി വ്യവസായപാർക്കുകളും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാം
2. വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന ത്രികോണ പദ്ധതിക്കും ഭൂമിയാവശ്യമാണ്. ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ്, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, ഗ്രീൻഇൻഡസ്ട്രി എന്നിവയ്ക്ക് മുൻഗണന.
3. ഭക്ഷ്യ- മത്സ്യസംസ്കരണം, ഇലക്ട്രോണിക്സ് വ്യവസായങ്ങൾക്ക് ഭൂമിനൽകിയാൽ വൻതോതിൽ തൊഴിലവസരം ഉണ്ടാവും. സമുദ്രോത്പന്ന കയറ്റുമതിയിലൂടെയും സമുദ്രവിഭവ വ്യവസായത്തിലൂടെയും സാമ്പത്തിക വളർച്ചയുണ്ടാവും.
₹3ലക്ഷം കോടി
തുറമുഖത്തോടനുബന്ധിച്ച്
പ്രതീക്ഷിക്കുന്ന നിക്ഷേപം
₹2,000കോടി
നബാർഡ് വായ്പ ഭൂമിയേറ്റെടുക്കലിനടക്കം ഉപയോഗിക്കാം