ആർ.എസ്.എസുകാരെ ബോംബെറിഞ്ഞ കേസ് , 10 സി.പി.എം പ്രവർത്തകർ കുറ്റക്കാർ, വിധി ഇന്ന്
തളിപ്പറമ്പ്: തിമിരി ഔവർ കോളേജിനു സമീപം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർക്കുനേരെ ബോംബെറിഞ്ഞ കേസിൽ 10 സി.പി.എം പ്രവർത്തകരും കുറ്റക്കാർ. തളിപ്പറമ്പ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്തിന്റേതാണ് കണ്ടെത്തൽ. ശിക്ഷ ഇന്ന് വിധിക്കും.
തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ തിമിരി എളയാട് മേമന ഹൗസിൽ എം.കെ.പ്രദീപ്കുമാർ (59), സി.പി.എം ഏരിയാ കമ്മിറ്റിയംഗവും ആലക്കോട് ഗ്രാമപഞ്ചാത്ത് അംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടിൽ ഹൗസ് പി.വി.ബാബുരാജ് (52), തിമിരി കാരയാട് തെക്കിനിയിൽ ഹൗസിൽ ടി.വി.ബിനു (ഉടുമ്പ് ബിനു), തിമിരി കൂത്തമ്പലം പനയംതട്ട പുതിയ പുരയിൽ ഹൗസിൽ പി.പി.സത്യൻ (50), തിമിരി അടൂക്കം ഇടത്തിലെ വീട്ടിൽ ഹൗസിൽ ഇ.വി.വിനോദ്കുമാർ (82), തിമിരി എളയാട് പാലേരി വിജയൻ (96), എളയാട് കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കെ.പി.സുരേഷ് (56), തിമിരി കാരയാട് മാൻവെട്ടുംകുന്നേൽ ഹൗസിൽ ശിവപ്രസാദ് (57) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എഫ്.ഐ.ആറിൽ 12 പ്രതികളുണ്ടായിരുന്നെങ്കിലും വി.സി.ബാബു, ആശാരി വിജയൻ എന്നിവരെ അന്വേഷണഘട്ടത്തിൽ ഒഴിവാക്കിയിരുന്നു.
2011 നവംബർ 27ന് വൈകിട്ട് 4.30ഓടെയാണ് തിമിരി ഔവർ കോളേജിനു സമീപം ആക്രമണം നടന്നത്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന്റെ തലേദിവസം ഇവിടെ സി.പി.എം- ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന പ്രവർത്തകർ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ബോംബേറുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 30ഓളം പ്രവർത്തകരിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ ഹാജരായി.