ഏപ്രില്‍ 19 മുതല്‍ സ്വര്‍ണ വില കൂടും? ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞിട്ടും സാധാരണക്കാരന് ആശങ്ക

Saturday 18 April 2026 12:01 AM IST

ഒരു പവന്‍ സ്വര്‍ണത്തിന് 1.30 ലക്ഷം എന്ന സര്‍വകാല റെക്കോഡില്‍ വില നില്‍ക്കുമ്പോഴാണ് പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് അങ്ങോട്ട് ഇറക്കത്തിന്റെ കാലമായിരുന്നു. ഒരുവേള ഒരുലക്ഷത്തിന് താഴേക്ക് പോലും വില കൂപ്പുകുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞ് 1,13,080 എന്ന നിരക്കിലാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് വ്യാപാരം നടന്നത്.

സ്വര്‍ണത്തിന് ഒറ്റയടിക്ക് 1000 രൂപയുടെ കുറവ് ഉണ്ടായിട്ടും സാധാരണക്കാരനെ സംബന്ധിച്ച് ആശങ്ക വര്‍ദ്ധിക്കുകയാണ്. യുദ്ധം അവസാനിക്കാനുള്ള സാദ്ധ്യത കൂടുതല്‍ തെളിയുന്നതാണ് സ്വര്‍ണം കുതിക്കാനുള്ള വഴിയൊരുക്കുന്നത്. അതോടൊപ്പം തന്നെ അക്ഷയതൃതിയ വരുന്നതും വില കൂടാനുള്ള സാഹചര്യത്തെ ശക്തിപ്പെടുത്തുന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 11,615 രൂപയായി കുറിച്ചു. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ താഴ്ന്ന് പുതുക്കിയ വില 9,045 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ ഇടിഞ്ഞ് വില 5,835 രൂപയുമായി. ഞായറാഴ്ചയാണ് (ഏപ്രില്‍ 19) അക്ഷയതൃതിയ ആഘോഷിക്കുന്നത്.

ഈ വേളയില്‍ രാജ്യത്തെ സ്വര്‍ണ വില്‍പ്പന വര്‍ദ്ധിക്കുന്ന പ്രവണത കാണിക്കാറുള്ളതാണ്. നിലവില്‍ സംസ്ഥാനത്തെ സ്വര്‍ണ വില ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണുള്ളത്. അതേസമയം രാജ്യാന്തര വിപണിയില്‍ ഇന്ന് 4,800 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യയിലെ സാഹചര്യം എങ്ങനെ മാറുന്നു എന്നത് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.