വാൽപ്പാറ സുന്ദരം : തേയില തോട്ടങ്ങളുടെ ചാരുത, അതിലേറെ ഭീതിജനകം
തൃശൂർ: 40 ഹെയർ പിൻ വളവുകൾ, തേയില തോട്ടങ്ങളുടെ ചാരുത... ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വാൽപ്പാറയിൽ, പക്ഷേ ഭീതിദമായ അപകടക്കെണികൾ ഏറെ. ഹെയർപിൻ വളവുകളാണ് മുഖ്യ ആകർഷണം. ഒരൽപ്പം ധൈര്യമുള്ളവർക്കേ ചുരത്തിലെ കൊടുംവളവ് താണ്ടി പോകാൻ കഴിയൂ.
ഇരുചക്രവാഹനങ്ങളിൽ നിരവധി ചെറുപ്പക്കാരാണ് അതിരപ്പിള്ളി, മലക്കപ്പാറ വഴി വാൽപ്പാറയിലൂടെ പൊള്ളാച്ചിയിലേക്കും തിരിച്ച് പാലക്കാട്ടേക്കും റൈഡിന് പോകുന്നത്. വന്യജീവികളുടെ ആക്രമണവും ഹെയർപിൻ വളവുകളുടെ കെണിയും അപകടം സൃഷ്ടിക്കാറുണ്ട്. കൊവിഡ് കാലത്തിന് ശേഷമാണ് ഈ വിനോദസഞ്ചാര പാത കൂടുതൽ പേരെ ആകർഷിച്ചു തുടങ്ങിയത്.
സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ. പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നു 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ ദൂരത്തിലുമാണ് വാൽപ്പാറ. കാഴ്ചകൾ വശീകരിച്ചാലും ഈ പാതയിൽ വാഹനം നിറുത്താൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. മലക്കപ്പാറയുടെ മുകളിൽ നിന്നു തേയിലത്തോട്ടങ്ങളുടെ പച്ചപ്പുകൾ കടന്ന് പോകുന്ന സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിരകൾ തന്നെയാണ് വേനലവധിക്കാലത്ത് കാണാനാവുക. നാൽപ്പതോളം ഹെയർപിൻ വളവുകൾ ഓരോന്നായി മുകളിലേക്ക് കയറുമ്പോഴും താഴെ കാഴ്ചകളേറെ. ആളിയാർ അണക്കെട്ട് കാണാം. അത്രയും വിസ്തൃതിയുള്ള അണക്കെട്ടിന് ചുറ്റും വിശാലമായ പച്ചപ്പ് കാണാം. ചെങ്കുത്തായതും സാഹസികവുമായ വഴികളിലെ മണ്ണിടിച്ചിൽ, മഴക്കാലത്ത് വലിയ അപകടസാദ്ധ്യതയുണ്ടാക്കും. ചുരുക്കത്തിൽ വാൽപ്പാറ സുന്ദരമാണ്, അതിലേറെ ഭീതി ജനകവും.