ട്രാവലർ പതിച്ചത് 13-ാം വളവിൽ നിന്ന് അഗാധ ഗർത്തത്തിലേക്ക്
തൃശൂർ : വാൽപ്പാറ ദുരന്തത്തിന് ഇടയാക്കിയ ട്രാവലർ, നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിലിടിച്ചശേഷമാണ് 800 അടി താഴ്ചയിലേക്ക് വീണതെന്ന് നിഗമനം. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി - വാൽപ്പാറ റൂട്ടിലുള്ളത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാദ്ധ്യത.
13ാം വളവിൽ നിന്ന് മറിഞ്ഞ ട്രാവലർ പതിച്ചത് ഒമ്പതാം വളവിന്റെ സംരക്ഷണ ഭിത്തിയുടെ ഓരം ചേർന്നാണ്. സംരക്ഷണ ഭിത്തിയിൽ പകുതി ഭാഗം കൊക്കയിലേക്കും പകുതി റോഡിലേക്കും നിൽക്കുന്ന തരത്തിലാണ് ട്രാവലർ പതിച്ചത്.
പതിനാലു പേർക്ക് സഞ്ചരിക്കാവുന്ന ട്രാവലർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലറിലുള്ളവർ തെറിച്ചുവീണാണ് മരണം സംഭവിച്ചത്. അതുവഴി വന്ന വിനോദ സഞ്ചാരികളാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ആളിയാർ പൊലീസും സ്ഥലത്തെത്തി. പൊള്ളാച്ചി സർക്കാർ ആശുപത്രിക്ക് സമീപത്തെ ആംബുലൻസുകൾ അപകട സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയത്.
കണ്ണീരായി അതിരപ്പിള്ളിയിലെ ഗ്രൂപ്പ് ഫോട്ടോ
മലപ്പുറത്ത് നിന്ന് പുറപ്പെട്ട സംഘം ചാലക്കുടി വഴി അതിരപ്പിള്ളിയിലും മലക്കപ്പാറയിലും ഏറെ നേരം ചെലവഴിച്ച ശേഷമാണ് വാൽപ്പാറയിലേക്ക് യാത്രയായത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാറക്കെട്ടുകളിൽ ഇരുന്ന് ഫോട്ടോ എടുത്തത് സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നു. ഇവിടെ നിന്നും കളിച്ചും ഉല്ലസിച്ചുമാണ് സംഘം യാത്രയായത്.
അപകടം നടന്ന സ്ഥലത്തേക്ക് പൊള്ളാച്ചിയിൽ നിന്ന് അറുപത് കിലോമീറ്ററുണ്ട്. അഞ്ചരയോടെയാണ് അവിടെയെത്തിയത്. അവിടെ എത്തുമ്പോൾ റോഡരികിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടത്തിയിരുന്നു. അത് ആംബുലൻസിൽ കയറ്റി കൊണ്ടുവരികയായിരുന്നു. നടുക്കുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. അവിടെ ചെല്ലുമ്പോൾ ആറുപേരുടെ മൃതദേഹം കൊണ്ടുപോയിരുന്നു.
മാധവൻ പൊള്ളാച്ചിയിലെ ആംബുൻസ് ഡ്രൈവർ.