വെഞ്ഞാറമൂട്ടിൽ വൃദ്ധയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

Saturday 18 April 2026 1:36 AM IST

വെഞ്ഞാറമൂട്: വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയായ പോത്തൻകോട് ശ്രീനാരായണപുരം സ്വദേശി ജിത്തു (27)വിനെയാണ് കനത്ത പൊലീസ് സുരക്ഷയിൽ തെളിവെടുപ്പിനെത്തിച്ചത്. വെഞ്ഞാറമൂട് വെള്ളുമണ്ണടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സീതമ്മയെ (78) കൊലപ്പെടുത്തിയ കേസിലാണ് ജിത്തു പിടിയിലായത്.

രണ്ട് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പിനിടെ വൃദ്ധയുടെ വീടിന് സമീപത്തുനിന്ന് കൊലപാതകം നടത്തിയ ദിവസം പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന മദ്യക്കുപ്പിയും കുപ്പിവെള്ളവും ലെയിസിന്റെ കവറും പൊലീസ് കണ്ടെടുത്തു. ഇത് വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി.

ഇക്കഴിഞ്ഞ 7നാണ് പ്രതിയുടെ മാതാവിന്റെ കുടുംബവീടിന് സമീപത്ത് താമസിക്കുന്ന സീതമ്മയെ പ്രതി കൊലപ്പെടുത്തിയത്. പ്രതി പലപ്പോഴും സീതമ്മയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. വൃദ്ധയെ ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടി കരുതിക്കൂട്ടി പ്രതി വീട്ടിലെത്തിയതാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാത്രിയിൽ വീടിന്റെ അടുക്കള വാതിൽ പെളിച്ച് പ്രതി അകത്ത് കയറി കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കൻ ശ്രമിച്ചപ്പോൾ എതിർക്കുകയും പ്രതിയുമായി പിടിവലി ഉണ്ടാവുകയും ചെയ്തു. തുടർന്ന് തല പിടിച്ച് ചുമരിലിടിച്ചു. നിലവിളിച്ചപ്പോൾ വാ പൊത്തിപ്പിടിച്ച് പീഡിപ്പിച്ചു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫോട്ടോ: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.