കച്ചവടക്കാർ കൂട്ടത്തോടെ എത്തി ലോഡ് കണക്കിന് വാങ്ങിക്കൊണ്ടു പോകുന്നു, കേരളത്തിലെ ഈ ഉത്പന്നത്തിന് ഇപ്പോൾ വൻ ഡിമാൻഡ്
വടക്കഞ്ചേരി: നാട്ടിൻപുറത്ത് ചെറുതും വലുതുമായ ചക്കകൾക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഇടിച്ചക്ക പ്രായം മുതൽ ഏതു വലുപ്പത്തിലുള്ള ചക്കയും കച്ചവടക്കാർ മരം ഒന്നിച്ച് വാങ്ങി കൊണ്ടുപോകും. ഇടത്തരം ചക്കയ്ക്ക് 25 രൂപയും ഇടിച്ചക്കയും അതിനു താഴെ വലിപ്പമുള്ളവയ്ക്കും 5 രൂപ മുതലും വില കണക്കാക്കിയാണ് കച്ചവടക്കാർ മരത്തിൽ നിന്ന് മുഴുവൻ ചക്കയ്ക്കും വിലപറഞ്ഞ് വാങ്ങിക്കൊണ്ടു പോകുന്നത്.
മുമ്പ് നാട്ടിൻപുറങ്ങളിലെ ചക്കയ്ക്ക് പഴുക്കാറാകുമ്പോൾ മാത്രം നാമ മാത്രമായി വ്യാപാരികൾ വന്ന് വാങ്ങിക്കൊണ്ടുപോയിരുന്ന സ്ഥാനത്താണ് പ്ലാവിലെ മുഴുവൻ ചക്കയും വലിപ്പച്ചെറുപ്പം നോക്കാതെ വാങ്ങിക്കൊണ്ടു പോകാൻ കച്ചവടക്കാരെത്തി തുടങ്ങിയത്. ഇത് കർഷകർക്കും നാട്ടിൻ പുറത്തെ വീട്ടുകാർക്കും വലിയ ആശ്വാസമാണ്. കുരങ്ങ്, മലയണ്ണാൻ തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികൾ മലയോര മേഖലകളിൽ പ്ലാവു മരമുള്ള വീട്ടു പറമ്പുകളിലും മറ്റും ചക്ക പഴുക്കുന്ന സീസണിൽ ഭീഷണിയായിരുന്നതിൽ നിന്ന് ആശ്വാസമായെന്നാണ് മലയോരവാസികൾ പറയുന്നത്.
ചക്ക കൊണ്ട് വൈവിധ്യമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിലും കേരളത്തിൽ ചക്ക വാങ്ങിക്കൊണ്ടുപോകുന്നത് ബെംഗളൂരു, കൊൽക്കത്ത, പൂനെ, തുടങ്ങിയ നഗരങ്ങളിലേക്കു ദിവസവും രണ്ടും മൂന്നും ലോഡ് പച്ച ചക്കയാണ് കയറ്റി അയക്കുന്നത്. പച്ച ചക്ക പൊടിച്ച് ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കാനും വൈവിധ്യമായ ഉൽപ്പന്നങ്ങളും ഉണ്ടാക്കാനുമാണ് കൊണ്ടുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. പച്ചചക്ക പൊടിക്കുന്ന കമ്പനികൾ വിവിധതരം ഉൽപ്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ടെന്നും പറയുന്നു. നാട്ടിൻപുറങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർ പെട്ടി ഓട്ടോറിക്ഷയിലും മറ്റുമായി വീടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും ചക്ക ശേഖരിച്ച് വടക്കഞ്ചേരിയിലെ വ്യാപാരിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കച്ചവടക്കാർ തന്നെ പ്ലാവിൽ കയറി ചക്ക താഴെയിറക്കി എണ്ണത്തിനനുസരിച്ച് വിലയോ മൊത്തത്തിലുള്ള വിലയോ നൽകിയാണ് പ്രദേശവാസികളിൽ നിന്നും സംഭരിക്കുന്നത്. ആവശ്യത്തിൽ കവിഞ്ഞ് ഉണ്ടാകുന്ന ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നത് വീട്ടുകാർക്കും അധിക വരുമാനമായി.