ഗാലറിയിൽ കാണികൾക്ക് സർപ്രൈസുമായി സൂപ്പർതാരങ്ങൾ; ആർപ്പുവിളിച്ച് ആരാധകർ

Saturday 18 April 2026 10:23 AM IST

അഹമ്മദാബാദ്: ക്രിക്കറ്റ് മത്സരങ്ങൾ കാണാനെത്തുന്ന പ്രമുഖ വ്യക്തികൾ പൊതുവെ വിഐപി ഏരിയകളിലിരുന്നാണ് കളി കാണാറുള്ളത്. എന്നാൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഐപിഎൽ മത്സരം കാണാനെത്തിയ രണ്ട് പ്രമുഖർ വിഐപി ഏരിയയിൽ ഇരുന്ന് കളി കാണാൻ തയ്യാറായില്ല. മറ്റ് കാണികൾക്കൊപ്പം ഗാലറിയിൽ ഇരുന്നാണവർ കളി കണ്ടത്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷായും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഗാംഗുലിയുമായിരുന്നു ആ പ്രമുഖ താരങ്ങൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ മത്സരം കാണാനാണ് അവർ എത്തിയത്. ഗാലറിയിലിരുന്ന് ഇരുവരും മത്സരം വീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ താരങ്ങൾക്ക് കൈയടിക്കുകയാണ് ആരാധകർ. വിഐപി സംസ്‌കാരം ഉപേക്ഷിച്ച ഇരുവരെയും പ്രശംസകൊണ്ട് മൂടുകയാണവർ. അതേസമയം, ചിലരാകട്ടെ താരങ്ങളുടെ പ്രവർത്തിയെ വിമർശിക്കുന്നുമുണ്ട്. ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടാണ് താരങ്ങൾ എളിമ കാണിക്കുന്നതെന്നാണ് ഇത്തരക്കാരുടെ വാദം.

ശുബ്‌മാൻ ഗില്ലിന്റെ ക്യാപ്‌റ്റൻസിയിൽ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് വിജയം നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 20 ഓവറിൽ 181 രൺസാണ് നേടിയത്. ഇത് അനായാസം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ബാറ്റ് കൈയിലെടുത്തത്. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ ആണ് ജയത്തിന് അടിത്തറയിട്ടത്.

50 പന്തുകള്‍ നേരിട്ട ഗില്‍ എട്ട് ഫോറും നാല് സിക‌്സും സഹിതം 86 റണ്‍സ് നേടിയാണ് പുറത്തായത്. സഹ ഓപ്പണര്‍ സായ് സുദര്‍ശന്‍ 22(16), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 25(15) എന്നിവര്‍ നായകന് മികച്ച പിന്തുണ നല്‍കി. വാഷിംഗ്ടണ്‍ സുന്ദര്‍ 13(13) റണ്‍സ് നേടി മടങ്ങി. ഗ്ലെന്‍ ഫിലിപ്‌സ് 19(16) അവസാന ഓവറില്‍ പുറത്തായി, രാഹുല്‍ തെവാത്തിയ 7*(6), ഷാരൂഖ് ഖാന്‍ 3*(2) എന്നിവര്‍ വിജയം പൂർത്തിയാക്കി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വൈഭവ് അറോറയ്ക്കും സുനില്‍ നരെയ്‌നും രമണ്‍ദീപ് സിംഗിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാര്‍ വഴങ്ങുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. പഞ്ചാബിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി നേടി അവസാന പന്തില്‍ പുറത്തായ കാമറൂണ്‍ ഗ്രീന്‍ 79(55) ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മികച്ച ബാറ്റിംഗ് പിച്ചില്‍ ഗ്രീനിന് മറുവശത്ത് നിന്ന് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു.

ഓപ്പണര്‍മാരായ ടിം സൈഫര്‍ട്ട് 19(14), ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 0(1) എന്നിവരും മൂന്നാമനായി എത്തിയ അന്‍ക്രിഷ് രഘുവംശിയും 8(4) പെട്ടെന്ന് മടങ്ങി. നാലാമനായി എത്തിയ കാമറൂണ്‍ ഗ്രീന്‍ ഒരുവശത്ത് നിന്ന് ഒറ്റയ്ക്ക് പോരാടുകയായിരുന്നു. ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ ഇന്നിംഗ്സ്. 20 പന്തില്‍ 27 റണ്‍സെടുത്ത റോവ്മാന്‍ പവല്‍ മാത്രമാണ് പിന്നീട് കെകെആര്‍ നിരയില്‍ പിടിച്ചുനിന്നത്. അനുകൂല്‍ റോയ് 9(7), റിങ്കു സിംഗ് 1(2) എന്നിവരും നിറംമങ്ങി.

രമണ്‍ദീപ് സിംഗ് 17(8), സുനില്‍ നരെയ്ന്‍ 0(5), കാര്‍ത്തിക് ത്യാഗി 6(4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും അശോക് ശര്‍മ്മയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചു. പ്രസീദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.