നിതിൻ രാജിന്റെ മരണം; അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്‌തു

Saturday 18 April 2026 1:47 PM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ ഇൻസ്റ്റന്റ് പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ റിമാൻഡ് ചെയ്‌തു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്‌തത്.

ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് റിമാൻഡിലായത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നോയിഡയിലെത്തിയ പൊലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നിതിൻ രാജിന്റെ അദ്ധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്.

അടിയന്തരമായി 8000ത്തിലധികം രൂപ അടയ്‌ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്ന് നിതിൻ അയച്ച ചാറ്റും പൊലീസിന് ലഭിച്ചു. ഓൺലൈൻ വായ്‌പാ സംഘം നിതിന്റെ അദ്ധ്യാപികയ്‌ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പലിന് അദ്ധ്യാപിക പരാതി നൽകി. ഇതോടെ പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിപ്പിച്ച് മൊബൈൽ ഫോൺ വാങ്ങിവയ്‌ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.

നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി സംബന്ധിച്ചുള്ള അന്വേഷണത്തിന് സമാന്തരമായി നിതിന് കോളേജിലെ അദ്ധ്യാപകരിൽ നിന്ന് നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിതിന്റെ കോളജിലെ അദ്ധ്യാപകരായിരുന്ന ഡോ. എൻ റാം, ഡോ. സം​ഗീത നമ്പ്യാർ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.