മുൾമുനയിൽ ആഗോള വിപണികൾ
കൊച്ചി: ഹോർമുസ് ഇടനാഴി ഇറാൻ വീണ്ടും അടച്ചതോടെ ആഗോള സാമ്പത്തിക മേഖലകൾക്ക് നെഞ്ചിടിപ്പേറുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം വിപണികൾ തിങ്കളാഴ്ച തുറക്കുമ്പോൾ സ്വർണം, ക്രൂഡോയിൽ, ഓഹരി വിപണികൾ തിരിച്ചടി നേരിട്ടേക്കും. വെള്ളിയാഴ്ച ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിലേക്ക് തിരിച്ചുകയറിയിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. വെടിനിറുത്തൽ പാളിയതോടെ സാമ്പത്തിക രംഗം കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ ചരക്കു കപ്പലുകൾ ഇറാൻ ഹോർമുസിൽ തടഞ്ഞതിനാൽ രാജ്യത്തെ ഇന്ധന വിപണി വീണ്ടും പ്രതിസന്ധിയിലാകും.
ഇന്ത്യയിലേക്കുള്ള മൊത്തം വ്യാപാരത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹൊർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ഇന്ത്യയുടെ കാർഷിക, വ്യവസായ, ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,830 ഡോളർ വരെ ഉയർന്നിരുന്നു. കഴിഞ്ഞ വാരം മികച്ച ഉണർവ് നേടിയ ഓഹരി വിപണിയും തിരിച്ചടി നേരിട്ടേക്കും.