ഏഴ് പതിറ്റാണ്ടിനിടയിലെ വൻദുരന്തം; രണ്ടുപേരുടെ നില ഗുരുതരം
വാൽപ്പാറ/മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ 11 വയസുകാരി മസ്നീനെ നാട്ടിലെത്തിച്ച് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസ് (22), സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദലി എന്നിവരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട ഷഹദീൻ മുഹമ്മദിനെ(11) ആരോഗ്യനില മെച്ചപ്പെട്ടതോടെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങൾ തൊട്ടടുത്ത മോസ്‌കിൽ കുറച്ചുസമയം പൊതുദർശനത്തിന് വച്ചശേഷമാണ് കേരളത്തിലേക്ക് കൊണ്ടുപോയത്. മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയിരുന്നു.
ഏഴ് പതിറ്റാണ്ടിനിടയിൽ മലക്കപ്പാറ - വാൽപ്പാറ റൂട്ടിലെ വലിയ ദുരന്തമായിരുന്നു വെള്ളിയാഴ്ച വൈകിട്ട് തമിഴ്‌നാട് ആളിയാർ ഡാമിന് സമീപത്തെ അട്ടക്കട്ടിയിൽ സംഭവിച്ചത്. പതിമൂന്നാം വളവിൽ നിന്നും 700ൽ അധികം അടി താഴ്ചയിലേക്ക് വീണ് ഒമ്പതാം വളവിലെ റോഡിൽ പതിച്ച വാഹനം ഞെരിഞ്ഞമർന്നു. ഓടിക്കൂടിയ നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിക്കിടന്ന നാലു പേരെ പുറത്തെടുത്തത്. അഞ്ച് പേർ റോഡിലും കിടന്നു. മറ്റ് നാലു പേർ പതിമൂന്നാം വളവിന്റെ താഴെ പാറക്കല്ലുകൾക്കും മരങ്ങൾക്കും ഇടയിൽ കുടുങ്ങിക്കിടന്നു. ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. തോട്ടം തൊഴിലാളികളായിരുന്നു ആദ്യമെത്തിയ രക്ഷാസംഘം. പിന്നീടാണ് വാൽപ്പാറ പൊലീസെത്തുന്നത്. പിന്നാലെ ആംബുലൻസുകളുമെത്തി. അതിരപ്പിള്ളിയിൽ നിന്നു ഉച്ചയോടെ യാത്രതിരിച്ച സംഘം വൈകിട്ട് 5നാണ് അപകടത്തിൽപെട്ടത്.
വാഹനം തിരിക്കുന്നതിൽ
പാളിച്ച സംഭവിച്ചു
പതിമൂന്നാം വളവിൽ വാഹനം തിരിക്കുന്നതിനിടയിലെ അപാകതയാണ് അപകടത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇടതുഭാഗത്തെ പാറക്കെട്ടിനോട് ചേർന്ന് നീങ്ങിയ വാഹനത്തിന്റെ ഒരു ഭാഗം മൺത്തിട്ടയിൽ തട്ടി. ഇതോടെ വാഹനത്തിന്റെ ഒരു ഭാഗം ഉയരുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ മുഹമ്മദ് ഫാസിത്ത് വലതുഭാഗത്തേക്ക് തിരിക്കുന്നതിനിടയിൽ വാഹനം കൈവരിയിൽ തട്ടി താഴേയ്ക്ക് വീണു. പലയിടങ്ങളിൽ തട്ടി തെറിച്ച ടെമ്പോ ട്രാവലർ പതിമൂന്നാം വളവിലെ റോഡിൽ വന്ന് വീഴുകയായിരുന്നു.