"എന്റെ കുട്ടു എവിടെ?": സഹപാഠികളോട് വിങ്ങിപ്പൊട്ടി നിതിന്റെ മാതാപിതാക്കൾ

Sunday 19 April 2026 12:59 AM IST

നെടുമങ്ങാട്: "എന്റെ മോനെ കൊണ്ടുവരാതെ വന്നോ മക്കളെ... എവിടെ എന്റെ കുട്ടു? അവനെ എനിക്ക് കാണണം..."— പ്രിയപ്പെട്ട മകന്റെ സഹപാഠികളെ കണ്ടതും നിതിൻ രാജിന്റെ അച്ഛൻ രാജനും അമ്മ ലതയും കുഞ്ഞുങ്ങളെപ്പോലെ വിതുമ്പി. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ, അവരുടെ കൈകളിൽ തലോടി കണ്ണീരടക്കി നിതിന്റെ കൂട്ടുകാർ നിന്നു.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അദ്ധ്യാപകന്റെ ജാതി അധിക്ഷേപത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ഉഴമലയ്ക്കൽ കൊങ്ങണം സ്വദേശി നിതിൻ രാജിന്റെ സഹപാഠികളാണ് ഇന്നലെ ഉച്ചയോടെ മാതാപിതാക്കളെ കാണാനെത്തിയത്. കണ്ടുനിന്നവരുടെപോലും കരൾ അലിയിക്കുന്നതായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ അമ്മ ലത ബോധരഹിതയായി വീണു. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

"നിതിന്റെ പേരിൽ ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചർച്ച ചെയ്താണ് വരാൻ തീരുമാനിച്ചത്. ഞങ്ങൾ നിതിനൊപ്പമാണ് നിൽക്കുന്നത്. ക്ലാസുകളിൽ ബോഡി ഷെയിമിംഗ് നടക്കുന്നുണ്ട്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളെ നിതിൻ അതിജീവിച്ചു വരികയായിരുന്നു. അതിനിടയിലാണ് ലോൺ ആപ്പ് വിഷയം വരുന്നത്. അത് ഓഫീസ് റൂമിൽ വലിയ ചർച്ചയായതോടെ നിതിൻ കടുത്ത മാനസിക സംഘർഷത്തിലായെന്ന് കരുതുന്നു," അവർ വ്യക്തമാക്കി. ചില ബ്ലോഗർമാർ റീച്ചിന് വേണ്ടി തങ്ങളെ ബലിയാടാക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. "ഇതൊക്കെ ഞങ്ങളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഞങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണം. അനാവശ്യമായ പ്രചാരണങ്ങൾ തുടർന്നാൽ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ ഹാജരാക്കി പരാതി നൽകുമെന്നും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.