താമസിച്ച് കൊതിതീരും മുമ്പേ മജീദിന്റെ മടക്കം

Sunday 19 April 2026 12:03 AM IST

മലപ്പുറം: പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. താമസിച്ച് കൊതി തീരുംമുൻപേ പാങ്ങ് മില്ലുംപടി സ്വദേശിയും അദ്ധ്യാപകനുമായ അബ്ദുൽ മജീദിനെയും ഭാര്യ റുഖിയയെയും ദുരന്തം കവർന്നെടുത്തു. പെരുന്നാളിന് മുൻപ് പുതിയ വീട്ടിൽ താമസിക്കണമെന്ന ആഗ്രഹത്തിലാണ് വീടുപണി വേഗം പൂർത്തിയാക്കിയത്.

കണ്ണിന് കാഴ്ചയില്ലെങ്കിലും യാത്രാപ്രേമിയാണ് അബ്ദുൽ മജീദ്. സ്കൂളിലെ യാത്രകൾ പ്ലാൻ ചെയ്യുന്നതിലും മുന്നിലുണ്ടാവും. താജ്‌മഹൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നേരത്തെ നേരിയ കാഴ്ചശക്തി ഉണ്ടായിരുന്നെങ്കിലും ഈയിടെ പൂർണ്ണമായും നഷ്ടമാവുകയായിരുന്നു. ഭർത്താവിന് താങ്ങായി കൈപിടിച്ച് നടത്താനാണ് റുഖിയയും വിനോദയാത്രയിൽ പങ്കുചേർന്നത്.

ബ്രയിലി ലിപിയുടെ സഹായത്തോടെയാണ് മജീദ് ക്ലാസെടുക്കുന്നത്. വിദ്യാർത്ഥികൾക്ക് ക്വിസ്, പ്രസംഗ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നതും മജീദ് തന്നെയായിരുന്നു. 'മാഷിന് കാഴ്ച ഇല്ലാഞ്ഞിട്ടും എന്തൊക്കെ കഴിവുകളാണ്. കാഴ്ച കൂടി ഉണ്ടായിരുന്നെങ്കിൽ എവിടെ എത്തുമായിരുന്നു' എന്ന് അദ്ധ്യാപകർ ചോദിക്കുമായിരുന്നു. കാഴ്ചാശക്തി ഉണ്ടായിരുന്നെങ്കിൽ ഞാനൊരു കൃഷിക്കാരനാവുമായിരുന്നു എന്ന് അദ്ദേഹം മറുപടിയും നൽകും. മീനാർകുഴി ജി.എൽ.പി സ്‌കൂളിൽ നിന്നാണ് അദ്ധ്യാപക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വിവിധ സ്‌കൂളുകളിലും സേവനം അനുഷ്ഠിച്ചിരുന്നു.