പന്മന ആശ്രമത്തിൽ ഇന്ന് മഹാഗുരു സ്മൃതി സമ്മേളനം

Sunday 19 April 2026 12:10 AM IST

കൊല്ലം: ചട്ടമ്പി സ്വാമിയുടെ 102-ാം മഹാസമാധി വാർഷികത്തോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ ഇന്ന് നടക്കുന്ന മഹാഗുരു സമാധി സ്മൃതി സമ്മേളനം രാവിലെ 10.30ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും.

വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ്, കേരള സർവകലാശാല റിട്ട. ഡീൻ ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശക്തിശാന്താനന്ദ മഹർഷി, ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ സംസാരിക്കും. എ.വി. ശങ്കരൻ രചിച്ച തീർത്ഥപാദപുരാണം എന്ന മഹാകാവ്യം ചടങ്ങിൽ പ്രകാശനം ചെയ്യും. ഡോ. പ്രേമലതവാര്യർ പുസ്തകം പരിചയപ്പെടുത്തും. പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ സ്വാഗതവും അരുൺ അരവിന്ദ് നന്ദിയും പറയും.

ഇന്ന് പുലർച്ചെ 5ന് വിദ്യാധിരാജ സമാരാധന, അഷ്ടദ്രവ്യമഹാഗണപതിഹോമം, രാവിലെ 7ന് ഏകാദശ ദ്രവ്യരുദ്രാഭിഷേകം എന്നിവ നടക്കും. 11.45ന് മഹാഗുരു സമാധിസ്മൃതിസഭ സ്വാമി ശക്തിശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാനാനന്ദതീർത്ഥപാദർ, സ്വാമി ദേവാമൃതാനന്ദപുരി, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ, സ്വാമി ഗരുഡ ധ്വജാനന്ദ തീർത്ഥപാദർ, ഡോ.കെ.പി. വിജയലക്ഷ്മി, ജി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.