ശ്രീനാരായണ സ്കോളർഷിപ്പ് പരീക്ഷ :  ഒരുക്കം പൂർത്തിയായി 

Sunday 19 April 2026 12:21 AM IST

തൃശൂർ:ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗ നിർദേശപ്രകാരം 19ന് നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയുടെ ഒരുക്കം പൂർത്തിയായി.യോഗത്തിന്റെ 62 യൂണിയനുകളിൽ നിന്ന് അഞ്ച് മുതൽ പ്ലസ്-ടു വരെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. 43 കേന്ദ്രങ്ങളിലായാണ് പരീക്ഷ.

+1, +2 കുട്ടികൾക്ക് ഇംഗ്ലീഷിലും അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാനുള്ള സൗകര്യമുൾക്കൊള്ളിച്ച് 14 വിഭാഗങ്ങളായാണ് പരീക്ഷ.കൗൺസിലിന്റെ കേന്ദ്രസമിതി അംഗങ്ങളും യൂണിയൻ സമിതി അംഗങ്ങളും പരീക്ഷാകേന്ദ്രങ്ങളുടെ ചുമതല വഹിക്കും.2025 ഏപ്രിലിൽ പെൻഷനേഴ്‌സ് കൗൺസിൽ നടത്തിയ ടാലന്റ് സേർച്ച് പരീക്ഷയുടെ തുടർച്ചയായിട്ടാണ് പരീക്ഷ. മനീഷ വിസ്ഡം പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ലെവൽ 1 സ്‌കോളർഷിപ്പ് പരീക്ഷ.85 ശതമാനം മാർക്ക് നേടുന്നവരെ പങ്കെടുപ്പിച്ച് മേയ് പത്തിന് നടത്തുന്ന ലെവൽ 2 പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടുന്ന കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ലെവൽ 2 പരീക്ഷയിൽ ഓരോ ക്ലാസിലും 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ്.

പരീക്ഷയുടെ മേൽനോട്ടം വഹിക്കുന്നത് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം.സജീവ്, സെക്രട്ടറി അഡ്വ.എം.എൻ.ശശിധരൻ, ട്രഷറർ ഡോ.ആർ.ബോസ്, മനീഷ വിസ്ഡം കോർഡിനേറ്റർ ഡോ.കെ.സോമൻ, വൈസ് പ്രസിഡന്റുമാരായ പി.കെ.വേണുഗോപാലൻ, അഡ്വ.പി.ആർ.വിജയകുമാർ , വി.ആർ.വിജയകുമാർ, അഡ്വ.രാജൻ ബാനർജി, പുന്നുരുന്നി ഉമേശ്വരൻ, ഡോ.ഷിബു പണ്ടാല, പരീക്ഷ കോർഡിനേറ്റർമാരായ എ.വി.ബീന, സി.എസ്.ശശിധരൻ, അനിൽ കുമാർ എന്നിവരടങ്ങുന്ന കർമസമിതിയാണ്.