വെന്തുരുകി വയനാട് 

Sunday 19 April 2026 12:36 AM IST
WYND

സുൽത്താൻ ബത്തേരി : ശക്തമായ ചൂടാണ് വയനാട്ടിൽ. ജലാശയങ്ങളിലെ ജലവിതാനത്തിന്റെ അളവ് കുത്തനെ കുറ‌ഞ്ഞുകൊണ്ടിരിക്കുകയാണ്. മിക്കസ്ഥലങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ തുടങ്ങി. ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ട താപനില 32. 4 ഡിഗ്രി സെൽഷ്യസാണ്. കഴി‌ഞ്ഞ വർഷം ഇതേ മാസം 33 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. എന്നാൽ മാസത്തിന്റെ പകുതി പിന്നിട്ടപ്പോഴേയ്ക്കും ചൂട് കൂടുകയും താപനില ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇനിയും താപനില വർദ്ധിക്കാൻ ഇടയാക്കുമെന്ന സൂചനയാണ് നൽകുന്നത്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ താപനില കുത്തനെ ഉയരും . രാവിലെ 11 മണി മുതൽ മൂന്ന് മണിവരെ വെയിലിന്റെ തീക്ഷ്ണത ശക്തമാകുമെന്നതിനാൽ ആളുകൾ നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്നവിധം പുറത്തിറങ്ങി നടക്കരുതെന്ന മുന്നറിയിപ്പ് അധികൃതർ നൽകുകയുണ്ടായി. മനുഷ്യരെ പോലെ പക്ഷിമൃഗാദികളെയും ചൂട് ബാധിച്ചിട്ടുണ്ട്. വെയിലിന്റെ കാഠിന്യത്താൽ കാർഷിക വിളകളും ഉണങ്ങിക്കരിഞ്ഞിട്ടുണ്ട്.