സന്തോഷ നിമിഷത്തിൽ നിന്ന് മടങ്ങിയത് മരണത്തിലേക്ക്

Sunday 19 April 2026 12:37 AM IST

പത്തനംതിട്ട : വിവാഹത്തിന്റെ സന്തോഷനിമിഷങ്ങൾ പങ്കുവച്ച് വടശ്ശേരിക്കര വള്ളിപറമ്പിൽ സണ്ണിയും (ഫിലിപ്പ് ഡാനിയൽ) അനുജൻ വർഗീസ്.വി.ഡാനിയലിന്റെ ഭാര്യ ലിൻസി ജോർജും മടങ്ങിയത് മരണത്തിലേക്ക്. അഞ്ചലിൽ നിന്ന് മടങ്ങിയ ഇരുവരുടെയും മരണ വാർത്ത വടശ്ശേരി ക്കരയിലെ ബന്ധുക്കൾക്കളും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മുൻപ് നാട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സണ്ണിക്ക് ഏറെ സുഹൃത്ത് വലയമുള്ള ആളാണ്. കൃഷിയും മറ്റുവീട്ടുകാര്യങ്ങളുമായി കഴിയുന്ന ഇദ്ദേഹം ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമാണ് ഓട്ടോറിക്ഷയുമായി പുറത്തിറങ്ങുന്നത്. ഇന്നലെ രാവിലെയാണ് വള്ളിപറമ്പിലെ അടുത്തടുത്ത വീട്ടിൽ കഴിയുന്ന ഇരുവരും സഹോദരീയുടെ മകളുടെ വിവാഹത്തിന് പുറപ്പെട്ടത്. മടക്കയാത്രയിൽ കുമ്പഴ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സണ്ണി തത്ക്ഷണം മരിച്ചു. ലിൻസി വർഗീസ് ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് മരണത്തിന് കീഴടങ്ങിയത്. ഓട്ടോറിക്ഷ പൂർണമായി തകർന്നു. തലയ്ക്കാണ് ഇരുവർക്കും ക്ഷതമേറ്റത്. അപകട വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സണ്ണിയുടെ ഭാര്യ എൽസി ഫിലിപ്പ് ഭർത്താവിന്റെ മൃതശരീരം കണ്ട് പൊട്ടിക്കരയുകയും ബോധരഹിതയാവുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഒരു കുടുംബത്തിന്റെ രണ്ടുപേരെ മരണം കവർന്നെടുത്തതിന്റെ നടുക്കത്തിലാണ് വടശ്ശേരിക്കര ഗ്രാമം.