മന്ത്രി മായ്ച്ചാൽ ഇല്ലാതാകുന്നതല്ല വിള്ളൽ:ഒ.ജെ.ജനീഷ്
കൽപ്പറ്റ: റവന്യൂ മന്ത്രി മായ്ച്ചുകളഞ്ഞാൽ ഇല്ലാതാകുന്നതല്ല വീടിന്റെ വിള്ളലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നിർമ്മിക്കുന്ന വീടുകളിൽ വിള്ളൽ വീണ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തബാധിതർക്ക് സമയബന്ധിതമായി ഭവനങ്ങൾ കൈമാറുന്നതിലും നിർമ്മാണം പൂർത്തീകരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് സ്ഥലം സന്ദർശിക്കവേ അദ്ദേഹം ആരോപിച്ചു.കൈമാറിയ വീടുകളിൽ ഇപ്പോഴും നിർമ്മാണപ്രവൃത്തികൾ നടക്കുന്നു.സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടിയില്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത്‌കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഒ.ജെ.ജനീഷ് വ്യക്തമാക്കി.
യൂത്ത്‌കോൺഗ്രസ് നേതാക്കളുടെ സന്ദർശനം പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നതിനാൽ ടൗൺഷിപ്പിലേക്കുള്ള പ്രധാന റോഡിന് മുൻപിൽ പൊലീസ് നേതാക്കളെ തടഞ്ഞു. എന്നാൽ വിള്ളൽ വീണ വീട് സന്ദർശിക്കാതെ മടങ്ങില്ലെന്ന് നേതാക്കൾ നിലപാടെടുത്തു.വീടിന്റെ ഉടമ നൗഫൽ താൻ പരാതിപ്പെട്ടതുകൊണ്ടാണ് നേതാക്കൾ എത്തിയതെന്ന് പൊലീസിനോട് വ്യക്തമാക്കി.ഇതോടെയാണ് നേതാക്കളെ ടൗൺഷിപ്പിലേക്ക് കടത്തിവിട്ടത്.