ഗുരുതര കുറ്റങ്ങളിൽ കേസെടുക്കും മുൻപ് പ്രാഥമികാന്വേഷണം വേണം

Sunday 19 April 2026 12:29 AM IST

തിരുവനന്തപുരം:ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളിൽ കേസെടുക്കും മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശം.ഡിവൈ.എസ്.പിമാരുടെ അനുമതിയോടെ ഇൻസ്പെക്ടർമാർ രണ്ടാഴ്ചയ്ക്കകം പ്രാഥമികാന്വേഷണം നടത്തണം.മുൻപ് നേരിട്ട് കേസെടുത്ത് അറസ്റ്റിലേക്ക് കടക്കാമായിരുന്നു.പ്രാഥമികാന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ 24മണിക്കൂറിനകം കേസെടുക്കണം.വ്യാജപരാതികൾ തടയാനും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായാണ് പ്രാഥമികാന്വേഷണം.എന്നാൽ പ്രഥമദൃഷ്ട്യാ കേസെടുക്കാനുള്ള തെളിവുണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഉടനടി കേസെടുക്കാം.പ്രാഥമികാന്വേഷണത്തിലെ വിവരങ്ങൾ കൃത്യമായി സ്റ്റേഷൻ രേഖകളിലുണ്ടാവണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.