തിരു. ദേവസ്വം ബോർഡിൽ ക്രമവിരുദ്ധ നിയമനം 

Sunday 19 April 2026 12:39 AM IST

തിരുവനന്തപുരം: സ്‌പെഷ്യൽ റൂൾസും സംവരണവും അട്ടിമറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ക്രമവിരുദ്ധ നിയമനം. ക്ഷേത്ര ജീവനക്കാരിൽ നിന്നും ഉദ്യോഗക്കയറ്റം/തസ്തിക മാറ്റത്തിലൂടെ നടത്തുന്ന നിയമനത്തിലാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ബോർഡിന്റെ നേരിട്ടുള്ള നിയമനം.

എൽ.ഡി ക്ലർക്ക്,സബ്ഗ്രൂപ്പ് ഓഫീസർ,ഓവർസീയർ,ടൈപ്പിസ്റ്റ്,ഡ്രൈവർ എന്നിവയിലേക്ക് ഉദ്യോഗക്കയറ്റം വഴിയുള്ള നിയമനത്തിലാണ് ക്രമക്കേട്. 2022 ജൂൺ 20ലെ സർക്കാർ വിജ്ഞാപനപ്രകാരം ദേവസ്വം ബോർഡിലെ എല്ലാ നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടു. ഉദ്യോഗക്കയറ്റ നിയമനങ്ങൾക്കും റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ നടത്തണമെന്ന് സ്‌പെഷ്യൽ റൂൾസിൽ വ്യക്തമാക്കുന്നത്. സ്‌പെഷ്യൽ റൂൾസ് പ്രാബല്യത്തിലായി നാലു വർഷം കഴിഞ്ഞിട്ടും നിയമനം നടത്തുന്നത് ദേവസ്വം ബോർഡാണ്.

ഒഴിവുകളുടെ 35 ശതമാനമാണ് ഉദ്യോഗക്കയറ്റ/തസ്തിക മാറ്റ നിയമനം. ബോർഡിന്റെ ദേവസ്വം ഓഫീസേഴ്സ് പരീക്ഷ പാസാകുന്നവർക്ക് ക്ലറിക്കൽ,സബ്ഗ്രൂപ്പ് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനം നൽകും. ഓവർസീയർ തസ്തികയിലേക്ക് ഐ.ടി.ഐ സർട്ടിഫിക്കേറ്റ് മതി. ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിലും സർട്ടിഫിക്കറ്റ് മതി. ടൈപ്പിസ്റ്റായി ക്ഷേത്ര ജീവനക്കാരെ പ്രായോഗിക പരീക്ഷയില്ലാതെ നിയമിക്കുന്നു. മറ്റു തസ്തികകളിലെ നിയമനവും ഇതേ രീതിയിലാണ്.

ലക്ഷങ്ങളുടെ കോഴ

ഡ്രൈവർ തസ്തികയിലേക്ക് 2023ൽ ദേവസ്വം ബോർഡ് നടത്തിയ പ്രായോഗിക പരീക്ഷയുടെ പട്ടികയിലാണ് നിയമനം. ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിർബന്ധമാണ് നിയമനം കൈമാറാത്തതിന് കാരണം. ഇതിനു പിന്നിൽ ലക്ഷങ്ങളുടെ കോഴയെന്ന് ആരോപിക്കുന്നുണ്ട്. 2017 മുതൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനം ലഭിച്ചവരെ ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന നിയമനത്തിലേക്ക് പരിഗണിക്കുന്നില്ല. 2017ന് മുമ്പുള്ള ഉദ്യോഗക്കയറ്റ/തസ്തികമാറ്റ നിയമനങ്ങളാണ് നടത്തുന്നതെന്നാണ് ബോർഡ് ഇവരോട് പറയുന്നത്.

നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടത്തണമെന്നാണ് ചട്ടം. മലബാർ,കൊച്ചിൻ ദേവസ്വം ബോർഡുകളിൽ ഉദ്യോഗക്കയറ്റ/തസ്തിക മാറ്റ നിയമനങ്ങൾ നടത്തുന്നത് റിക്രൂട്ട്‌മെന്റ് ബോർഡാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പലതവണ കത്തു നൽകിയിരുന്നു.

-കെ.ബി.മോഹൻദാസ്,

ദേവസ്വം റിക്രൂട്ട്‌മെന്റ്

ബോർഡ് ചെയർമാൻ