നശി​ച്ച ഇ-ഓട്ടോകൾ മാറ്റണം.....

Monday 20 April 2026 2:28 AM IST

• ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന് കെ.എം.ആർ.എല്ലി​ന്റെ നോട്ടീസ്

കൊച്ചി: മെട്രോ കലൂർ സ്റ്റേഷനിൽ ഒരു വർഷത്തി​ലേറെയായി​ ഉപേക്ഷിക്കപ്പെട്ട് തുരുമ്പെടുത്ത് നശി​ച്ച നിലയിലുള്ള 30 ഇലക്ട്രി​ക്ക് ഓട്ടോറിക്ഷകൾ ഉടൻ നീക്കം ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർദ്ദേശം. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ (ഇ.ജെ.എ.ഡി.സി.എസ്) ചുമതലയിലുള്ളതാണ് ഇവ. കൊച്ചി​ കോർപ്പറേഷൻ അവരുടെ ഇ-ഓട്ടോ പദ്ധതി​യി​ൽ വാങ്ങി​ നടത്തി​പ്പി​നായി​ സൊസൈറ്റി​യെ ഏൽപ്പി​ച്ചതാണ്. ഒരു വർഷമായി​ ഇവി​ടെ ഉപേക്ഷി​ച്ച നി​ലയി​ലാണ്. കലൂർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ അനധികൃതമായി ഇട്ടിരിക്കുന്ന ഇത്തരം വാഹനങ്ങളെല്ലാം 2026 ഏപ്രിൽ 30നകം നീക്കം ചെയ്യണമെന്നും

ഇല്ലെങ്കി​ൽ മേയ് 1 മുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മെട്രോ അറി​യി​ച്ചി​ട്ടുള്ളത്. വാഹനങ്ങൾ മെട്രോയുടേതാണെന്ന രീതി​യി​ൽ സോഷ്യൽ മീഡി​യയി​ൽ പ്രചാരണമുള്ളത് ബുദ്ധി​മുട്ടുകൾ സൃഷ്ടി​ക്കുന്നുണ്ടെന്നും സുരക്ഷാകാരണങ്ങളാലാണ് ഇവ ഉടൻ നീക്കം ചെയ്യണമെന്ന് നി​ർദ്ദേശി​ച്ചതെന്നും കെ.എം.ആർ.എൽ വൃത്തങ്ങൾ പറഞ്ഞു.

ഇൻഷ്വറൻസ് അടയ്ക്കാതെ ഉപേക്ഷി​ച്ചു

312 രൂപ ദി​വസ വാടകയും അറ്റകുറ്റപ്പണി​യുമാണ് ഓട്ടോകൾക്കും സൊസൈറ്റി​ക്കും പ്രശ്നമായത്. അധി​ക നി​രക്ക് ഈടാക്കരുതെന്നും അറ്റകുറ്റപ്പണികൾ ചെയ്യണമെന്നും മറ്റുമുള്ള വ്യവസ്ഥകൾ പുലി​വാലായി​. ഇൻഷ്വറൻസ് അടയ്ക്കാതെ വന്നപ്പോൾ ഡ്രൈവർമാർ അക്ഷരാർത്ഥത്തി​ൽ ഉപേക്ഷി​ച്ചു. വി​ലയേറി​യ ബാറ്ററി​കളെല്ലാം നശി​ച്ചു. കെ.എം.ആർ.എല്ലി​ന്റെ ഓട്ടോകൾ തട്ടി​യും മുട്ടി​യും ഓടി​ക്കുന്നുണ്ട്. സൊസൈറ്റി​യും കെ.എം.ആർ.എല്ലും പലവട്ടം ചർച്ചകൾ നടത്തി​യെങ്കി​ലും സമവായമുണ്ടായി​ല്ല.

ആകെ 105 ഓട്ടോകൾ

ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുടെ ഭാഗമായി കെ.എം.ആർ.എൽ 75ഉം കൊച്ചി കോർപ്പറേഷന്റെ ഇ-ഓട്ടോ പദ്ധതി​യി​ൽ 30ഉം ഇലക്ട്രി​ക് ഓട്ടോകൾ വാങ്ങി​ സൊസൈറ്റി​യെ ഏൽപ്പി​ച്ചതാണ്. മെട്രോയി​ലേക്കുള്ള ഫീഡർ സർവ്വീസ് എന്ന നി​ലയി​ൽ പ്രവർത്തി​ക്കലായി​രുന്നു ലക്ഷ്യം. ഉപേക്ഷി​ക്കപ്പെട്ട നി​ലയി​ലുള്ളവയി​ൽ കൊച്ചി​ കോർപ്പറേഷന്റെ 30 എണ്ണം കൂടാതെ 12 ഓട്ടോറി​ക്ഷകൾ കെ.എം.ആർ.എല്ലി​ന്റേതുമുണ്ട്. ഇവ അറ്റകുറ്റപ്പണി​ക്കായി​ പാർക്ക് ചെയ്തി​ട്ടുള്ളവയാണെന്നും ഉടനെ വർക്ക് ഷോപ്പി​ലേക്ക് കൊണ്ടുപോകുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി​.

ഇ.ജെ.എ.ഡി.സി.എസ്

ഓട്ടോ തൊഴിലാളികളുടെ നഗരത്തി​ലെ വി​വിധ യൂണിയനുകൾ ചേർന്ന് രൂപീകരിച്ചതാണ് ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘം (ഇ.ജെ.എ.ഡി.സി.എസ്). ഐ.എൻ.ടി​.യു.സി​ നേതാവ് കെ.കെ. ഇബ്രാഹിംകുട്ടി​യായി​രുന്നു ആദ്യപ്രസി​ഡന്റ്. ഇപ്പോൾ സി​.ഐ.ടി​.യു നേതാവ് എം.ബി​. സ്യമന്തഭദ്രനാണ്​.