റബറിൽ ചാഞ്ചാട്ടം, കുതിച്ച് കുരുമുളക്

Monday 20 April 2026 12:21 AM IST

യുദ്ധത്തിൽ കണ്ണുനട്ട് വിപണി

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ക്രൂഡോയിൽ വില ചാഞ്ചാടിയതോടെ റബർ വിപണി മുൾമുനയിലായി. സിന്തറ്റിക്ക് റബർ വില ഉയർന്നതിനൊപ്പം ഷീറ്റു വില കിലോക്ക് 235 രൂപയായി. ആർ.എസ്.എസ് ഫോർ ഷീറ്റുവില 230 രൂപയിലേക്ക് താഴ്ന്നതിന് ശേഷം മുകളിലേക്ക് നീങ്ങി. ഒട്ടുപാൽ , ലാറ്റക്സ് വിലയിലും ചാഞ്ചാട്ടം ശക്തമാണ്.

വേനൽ മഴ വൈകുന്നതിനാൽ ചെറുകിട കർഷകർ ടാപ്പിംഗ് ആരംഭിച്ചില്ല. വില ഉയരുമെന്ന പ്രതീക്ഷയിൽ മഴ മറ സ്ഥാപിച്ച് മഴക്കാല ടാപ്പിംഗിനുള്ള ശ്രമം കർഷകർ തുടങ്ങിയെങ്കിലും പ്ലാസ്റ്റിക്കിനും പശയ്‌ക്കും വില കുതിച്ചുയർന്നത് തിരിച്ചടിയായി.

അന്താരാഷ്ട്ര അവധി വില (കിലോ)

ചൈന 229 രൂപ

ടോക്കിയോ 223 രൂപ

ബാങ്കോക്ക് 258

###########

കുരുമുളക് ശേഖരിച്ച് വ്യാപാരികൾ

ഉത്പാദന ക്ഷാമം കണക്കിലെടുത്ത് ഉത്തരേന്ത്യൻ വ്യാപാരികൾ മസാല കമ്പനികൾക്കായി കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്തതോടെ വില ഉയരുകയാണ്. കിലോക്ക് 18 രൂപ വരെ വർദ്ധന കഴിഞ്ഞ വാരമുണ്ടായി. കർണാടകയിലും തമിഴ്നാട്ടിലും വിളവെടുപ്പ് തുടങ്ങിയിട്ടും ഉത്പാദനം കൂടിയിട്ടില്ല. നാടൻ കുരുമുളകിന് ക്ഷാമം നേരിടുന്നതിനാൽ വില ഇനിയും കൂടിയേക്കും.

കയറ്റുമതി നിരക്ക്(ഒരു ടണ്ണിന്)

ഇന്ത്യ -8000 ഡോളർ

ശ്രീലങ്ക - 6090 ഡോളർ

വിയറ്റ്നാം -6300 ഡോളർ