വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി

Monday 20 April 2026 12:36 AM IST

കൽപ്പറ്റ: പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാൻ നടപടി തുടങ്ങി. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ്‌ ചോർച്ച കണ്ടെത്തിയത്. തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടി നിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു. വീട്‌ചോരുന്നതായുള്ള പരാതി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വലിയ വിവാദമായി. കഴിഞ്ഞദിവസം റവന്യൂ മന്ത്രി നേരിട്ടെത്തി ചോർച്ച കണ്ടെത്തിയ ഭാഗത്തെ പെൻസിൽ വര മായ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഭാഗത്താണ്‌ മേൽക്കൂരയിൽ പ്ലാസ്റ്ററിംഗ് നടത്തുന്നത്. ഇന്ന് പ്രവൃത്തി നടക്കും. ടൗൺഷിപ്പിലെ മൂന്ന് വീടുകളിലാണ് സമാനമായ രീതിയിൽ ചോർച്ച കണ്ടെത്തിയത്. 103 വീടുകൾ കൈമാറ്റത്തിന് അടുത്തദിവസം തന്നെ തയ്യാറാകും. ഇത്രയും വീടുകളിൽ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. ഈ മാസം അവസാനം തന്നെ 178 വീടുകൾ കൈമാറുമെന്നാണ് കഴിഞ്ഞ ദിവസം ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ റവന്യൂ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചത്.