കുട്ടികളിലും പിടിമുറുക്കി ഹൃദയാഘാതം

Monday 20 April 2026 12:37 AM IST
ഹൃദയാഘാതം

@ ശ്രദ്ധിച്ചാൽ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ

കോഴിക്കോട്: കുട്ടികളിൽ ഹൃദയാഘാതം കൂടുന്നതായി ഡോക്ടർമാർ. ശരീരത്തിന്റെ ആവശ്യാനുസരണം ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ പറ്റാത്തതാണ് പ്രശ്നം. അമിതമായ കിതപ്പ്, പാൽ കുടിക്കാൻ ബുദ്ധിമുട്ട്, നീര്, വളർച്ചക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. ഇവ കുണ്ടുതുടങ്ങുമ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം. കാർഡിയാക് മയോപ്പതിയെന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ എത്ര കുട്ടികൾ ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നതിന് കൃത്യമായ കണക്കില്ല. അത്തരത്തിലെരു രജിസ്ട്രി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചില പ്രമുഖ ആശുപത്രികൾ. നോർത്ത് അമേരിക്കയിലെ കണക്കനുസരിച്ച് ലക്ഷത്തിൽ 0.6 കുട്ടികൾ കാർഡിയാക് മയോപ്പതിക്ക് ഇരയാകുന്നുണ്ട്. ശിശുക്കളിൽ ലക്ഷത്തിൽ 4.4 ശതമാവും. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ ഹൃദയം മരുന്നുകളോട് പ്രതികരിക്കാതാകും. രോഗം ഗുരുതരമായാൽ ഹൃദയം മാറ്റിവയ്ക്കലാണ് പ്രതിവിധി. സങ്കീർണ്ണമല്ലാത്ത കേസുകളിൽ ഹൃദയം മാറ്റിവയ്ക്കാൻ 15-20 ലക്ഷം വരെ ചെലവാകാം. സങ്കീർണ്ണമായ സ്ഥിതിയുണ്ടെങ്കിൽ തുക വർദ്ധിക്കാം.

ഹാർട്ട് ഫെയിലിയർ ക്ളിനിക്

ബംഗളൂരു, ചെന്നെെ പോലുള്ള നഗരങ്ങളിൽ കുട്ടികളിലെ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. ഇത്തരം സംവിധാനം കേരളത്തിൽ വിരളമാണ്. ഇതിന് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യവുമായി കോഴിക്കോട് മിംസ് ആശുപത്രി പീഡിയാട്രിക് ഹാർട്ട് ഫെയ്ലിയർ ക്ളിനിക്ക് തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഹൃദയ ചികിത്സ വേണ്ടിവരുന്ന കുട്ടികൾക്കാണിത്. ഇത്തരം പ്രശ്നം നേരിടുന്ന കുട്ടികൾക്ക് കൂടുതൽ പരിഗണനയും മെച്ചപ്പെട്ട ചികിത്സയും നൽകാനാണിത്. എല്ലാ ശനിയാഴ്ചയും പ്രവർത്തിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരസ്പരം മനസിലാക്കാനും സഹകരിക്കാനുമുള്ള അവസരവുമുണ്ടാകും.

തെറ്റിദ്ധാരണകൾ നിരവധി

ഹൃദയം നൽകാൻ തയ്യാറുള്ളവർ പലരുണ്ടെങ്കിലും സ്വീകരിക്കാൻ ഭൂരിഭാഗം പേരും വിസമ്മതിക്കുന്നതായി ഡോക്ടർമാർ പറയുന്നു. കരൾ, കിഡ്നി പോലുള്ള അവയവങ്ങൾ മാറ്റിവയ്ക്കുന്നതുപോലെയല്ല ഹൃദയം മാറ്റിവയ്ക്കുന്നതിനെ ഭൂരിഭാഗം പേരും കാണുന്നത്. കൂടുതൽ വെെകാരികമായാണ് ഇതിനെ വിദ്യാസമ്പന്നരും സമീപിക്കുന്നത്. ഇതിൽ മാറ്റമുണ്ടാക്കാനാണ് ഡോക്ടർമാരുടെ ശ്രമം.

ക്ളിനിക്കിൽ നേട്ടം ഇങ്ങനെ

  1. കുട്ടികളുടെ ശാരീരിക ക്ഷമത അളക്കാൻ 6 മിനിറ്റ് നടത്തം.
  2. പ്രതിരോധ കുത്തിവയ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകും.
  3. ജനറ്റിക്സ് ഉൾപ്പെടെ അനുബന്ധ വിഭാഗങ്ങളുടെ സേവനങ്ങൾ.