തോല്‍വിയറിയാതെ പഞ്ചാബിന്റെ മുന്നേറ്റം; റണ്‍മലയ്ക്ക് മുന്നില്‍ ലക്‌നൗവും വീണു
ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലില്‍ തോല്‍വിയറിയാതെയുള്ള മുന്നേറ്റം തുടര്‍ന്ന് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടിയപ്പോള്‍ ലക്‌നൗവിന്റെ മറുപടി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പഞ്ചാബ് കിംഗ്‌സ്.
മറുപടി ബാറ്റിംഗില്‍ ലക്‌നൗ നിരയില്‍ ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല. മിച്ചല്‍ മാര്‍ഷ് 40(28), ആ.ുഷ് ബദോനി 35(21), റിഷഭ് പന്ത് 43(23), നിക്കോളാസ് പൂരന്‍ 9(9), എയ്ഡന്‍ മാര്‍ക്രം 42(22) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സകോറുകള്‍. മുകുള്‍ ചൗധരി 21*(17), ഹിമ്മത്ത് സിംഗ് 1*(1) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് ആണ് നേടിയത്. 37 പന്തുകളില്‍ നിന്ന് ഒമ്പത് സിക്‌സറുകള്‍ സഹിതം 93 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യ, 46 പന്തില്‍ 87 റണ്‍സ് നേടിയ കൂപ്പര്‍ കണോലി എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
മാര്‍ക്കസ് സ്‌റ്റോയിനിസ് 29(16), ശശാങ്ക് സിംഗ് 17(6) എന്നിവരും സ്‌കോറിംഗിന് വേഗം കൂട്ടി. എല്‍എസ്ജിക്ക് വേണ്ടി പ്രിന്‍സ് യാദവ്, എം സിദ്ധാര്‍ത്ഥ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.