ഉപഭോഗം കുതിയ്ക്കുന്നു; പലിടത്തും അപ്രഖ്യാപിത വൈദ്യുതി മുടക്കം

Monday 20 April 2026 12:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്നതോടെ, പല പ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായി. രാത്രി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് നേരിടുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഓവർലോഡ് കാരണം ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് പോകുന്നതടക്കമുള്ള പ്രശ്നങ്ങളാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നും കെ.എസ്.ഇ.ബി വിശദീകരിക്കുന്നു. അമിതലോഡ് മൂലം ട്രാൻസ്‌ഫോർമറിന് തീപിടിക്കുന്ന സംഭവങ്ങൾ പലേടത്തുമുണ്ടാകുന്നു. വിതരണ ശൃംഖല ദുർബലമായ വടക്കൻ ജില്ലകളിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം സംബന്ധിച്ച് പരക്കെ പരാതിയുണ്ട്. ഈ വേനൽക്കാലത്ത് 6000 മെഗാവാട്ട് വരെ പീക്ക് സമയത്ത് വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി കണക്കുകൂട്ടിയിരുന്നു. എന്നാൽ, ശനിയാഴ്ച പ്രതിദിന ഉപയോഗം പുതിയ റെക്കാഡായ 117.155 ദശലക്ഷം യൂണിറ്റിലേക്കും പീക്ക് സമയ ഉപയോഗം 6033 മെഗാവാട്ടിലേക്കും എത്തി. 6300 മെഗാവാട്ട് വരെ തടസമില്ലാതെ വിതരണം ചെയ്യാനാകും. ഇതുകടന്നാൽ ഓവർലോഡ് ക്രമീകരിക്കാൻ നിയന്ത്രണം വേണ്ടിവരും.ഇടുക്കിയിൽ 36 ശതമാനം മാത്രമാണ് ജലനിരപ്പ്.

പുറംവൈദ്യുതിയിലും പ്രതിസന്ധി വിവിധ കരാറുകൾ പ്രകാരം ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പവർ ബാങ്കിംഗ് അറേഞ്ച്മെന്റിൽ 200 മെഗാവാട്ടിന്റെ കുറവ് കഴിഞ്ഞ 16 മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് ഇന്ന് (തിങ്കൾ) മുതലും 200 മെഗാവാട്ടിന്റെ കുറവ് 26 മുതലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. യൂണിറ്റിന് 10 രൂപവരെ നൽകി ടേം എഹെഡ് മാർക്കറ്റിൽ നിന്ന് വാങ്ങാൻ ശ്രമം ആരംഭിച്ചു.

``പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ടുപോകാനുള്ള ഇടപെടലാണ് നടത്തുന്നത്.``

-മന്ത്രി കെ.കൃഷ്ണൻകുട്ടി