ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ചെന്നൈ

Monday 20 April 2026 12:02 AM IST

ചെന്നൈ : ഈ വർഷം നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന് ചെന്നൈ നഗരത്തിൽ വേദിയൊരുക്കാൻ ഫിഡെയ്ക്ക് ബിഡ് നൽകി ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ. പുരുഷ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യക്കാരൻ ഡി.ഗുകേഷ് ഉസ്ബക്കിസ്ഥാന്റെ ജാവോഖിർ സിന്ദാറോവിനെ നേരിടുമ്പോൾ വനിതാ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനായ ജു വെൻജുന്റെ എതിരാളിയായി കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ചെത്തുന്നത് ഇന്ത്യയുടെതന്നെ ആർ. വൈശാലിയാണ്. ഗുകേഷും വൈശാലിയും ചെന്നൈക്കാരാണെന്നതാണ് ലോക ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ചെന്നൈയെ പ്രേരിപ്പിക്കുന്നത്.

2024ലെ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ബിഡ് നൽകിയവരിൽ ചെന്നൈയുമുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം സിംഗപ്പുർ സിറ്റിക്കാണ് നറുക്കുവീണത്. 2013ൽ വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനും തമ്മിലുള്ള ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിനും 2022ലെ ചെസ് ഒളിമ്പ്യാഡിനും വേദിയായത് ചെന്നൈയാണ്. തമിഴ്നാട് സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ വേദിക്കായി ശ്രമിക്കുന്നത്.

സൈപ്രസിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ച ശേഷം ഇന്നലെ പുലർച്ചെ ചെന്നൈയിൽ മടങ്ങിയെത്തിയ

വൈശാലിക്ക് വിമാനത്താവളത്തിൽ ചെസ് ഫെഡറേഷൻ സ്വീകരണം നൽകി.