മനുഷ്യസേവനം യഥാർത്ഥ ധർമ്മം: ഗവർണർ

Monday 20 April 2026 12:02 AM IST

കൊല്ലം: ഭൗതികമായ നേട്ടങ്ങൾക്കപ്പുറം മറ്റുള്ളവർക്കായി ജീവിക്കുകയും സേവനം ചെയ്യുകയുമാണ് മനുഷ്യജന്മത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ചട്ടമ്പി​ സ്വാമി​ സ്മൃതിയുടെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന മഹാഗുരു സമാധി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മാർഗ്ഗദർശനം നൽകാൻ ഭൂമിയിലേക്ക് വരുന്ന പവിത്രമായ ആത്മാക്കളാണ് ചട്ടമ്പിസ്വാമികളെ പോലുള്ള മഹാഗുരുക്കന്മാർ. നാം ഈ ഭൂമിയിലേക്ക് വന്നത് വെറുതെ ജീവിതം ആസ്വദിക്കാനോ വിനോദത്തിനോ വേണ്ടിയല്ല. നമ്മുടെ അവതാരവും മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണ്. ശ്രീനാരായണഗുരു, ശങ്കരാചാര്യർ, ചട്ടമ്പി സ്വാമികൾ എന്നിവരെപ്പോലെയുള്ളവർ ഇക്കാര്യം അവരുടെ ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും എഴുത്തിലൂടെയും നമ്മെ ബോദ്ധ്യപ്പെടുത്തി​യി​ട്ടുണ്ട്. പുണ്യഗ്രന്ഥങ്ങളും വേദങ്ങളും ഉപനിഷത്തുകളും പൂജാമുറിയിൽ വച്ച് പൂജിക്കാനുള്ളത് മാത്രമല്ല, മറിച്ച് അവയിലെ ആത്മീയ സത്ത ജീവിതത്തിൽ പ്രായോഗികമാക്കാനുള്ളതുകൂടിയാണ്. ചട്ടമ്പി സ്വാമികൾ പഠിപ്പിച്ചതുപോലെ ജാതിരഹിതവും വിവേചനമില്ലാത്തതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നാം ബാദ്ധ്യസ്ഥരാണെന്നും ഗവർണർ അഭി​പ്രായപ്പെട്ടു.

വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനായി. ഒരുവിധത്തിലും ഹിംസിക്കാതെയും ആർക്കും ഒരു ദുഃഖവും ഉണ്ടാക്കാതെയും ജീവിക്കാൻ കഴിയുക എന്നുള്ളത് ചട്ടമ്പിസ്വാമികളെപ്പോലെയുള്ള മഹർഷീശ്വരന്മാർക്ക് മാത്രം സാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ശി​വഗി​രി​മഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി​ സ്വാമി​ അസംഗാനന്ദ ഗി​രി​,

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശക്തിശാന്താനന്ദ മഹർഷി, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ്, കേരളസർവകലാശാല റിട്ട.ഡീൻ മലയാളം സീനിയർ പ്രൊഫസർ ഡോ.എ.എം.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്‌ കുമാർ സ്വാഗതം പറഞ്ഞു.