ഏത് കൊലകൊമ്പൻ വന്നാലും എസ്.എൻ.ഡി.പിയെ തകർക്കാനാകില്ല: വെള്ളാപ്പള്ളി

Monday 20 April 2026 12:33 AM IST

ചെറുതോണി:ഏത് കൊലകൊമ്പൻ വന്നാലും എസ്.എൻ.ഡി.പിയെ പിളർത്താനോ തകർക്കാനോ സാധിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം മുരിക്കാശേരി ശാഖ നിർമ്മാണം പൂർത്തീകരിച്ച ഓഫീസ് മന്ദിരത്തിന്റെയും വിവാഹ മണ്ഡപത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഈ പ്രസ്ഥാനത്തെ തകർക്കാൻ വന്നവരാണ് തകർന്നിട്ടുള്ളത്.കേരള കോൺഗ്രസ് അടക്കമുള്ള പല രാഷ്ട്രീയ പാർട്ടികൾ പിളർന്നിട്ടും എസ്.എൻ.ഡി.പി യോഗം ശക്തമായി നില നിൽക്കുന്നത് ഗുരുവിന്റെ അനുഗ്രഹം മൂലമാണ്.ക്രിസ്ത്യൻ സമുദായത്തിലെ കന്യാസ്ത്രികൾക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ സർക്കാർ പെൻഷൻ കൊടുക്കാൻ പോകുന്നത്.ലീഗിനെ നയിക്കുന്നത് തങ്ങൾമാരാണെങ്കിൽ കേരള കോൺഗ്രസിന് പിന്നിൽ ബിഷപ്പുമാരാണ്. ഒരോ മതത്തിന്റെയും പേരിൽ പാർട്ടിയുണ്ടാക്കുകയാണ്.രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു. ഇടുക്കിയിൽ ഈഴവ സമുദായത്തെ പരിഗണിച്ചില്ല.ഉടുമ്പൻചോലയിൽ സി.പി.എം മണിയാശാനെ നിറുത്തിയിരുന്നെങ്കിൽ പുഷ്പം പോലെ ജയിച്ചേനെ.ഇടുക്കിയെ ചില ന്യൂനപക്ഷ സമുദായങ്ങളുടെ കുത്തകയാക്കിയിരിക്കുകയാണ്.ആളെണ്ണം നോക്കിയാൽ നമ്മളെയാണ് പാർട്ടിക്കാർ പരിഗണിക്കേണ്ടതെങ്കിലും ഇവിടെ അതില്ല.താൻ സാമൂഹ്യനീതിയെക്കുറിച്ച് പറഞ്ഞാൽ പോലും ജാതിയായി വ്യാഖ്യാനിക്കുകയാണ്.വിദ്യാഭ്യാസ മേഖലയിൽ എസ്.എൻ.ഡി.പി യോഗത്തെ സഹായിക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.