വാഹനാപകടം: മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം
തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിലുണ്ടായ വാഹനാപകട സമയത്ത് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നിന്നും ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിലാണ് മണിയൻ പിള്ള രാജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
ഫെബ്രുവരി 5ന് രാത്രി 10നാണ് വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാറിൽ ബൈക്കിടിക്കുന്നത്.ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് മണിയൻപിള്ള രാജുവിന്റെ കാർ റോഡിലേക്കിറങ്ങവേയാണ് ബൈക്കിടിച്ചത്.രണ്ടു യുവാക്കൾക്ക് അപകടത്തിൽ പരിക്കേറ്റു.മണിയൻപിള്ള വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.വാഹനം നിർത്താതെ പോയ മണിയൻപിള്ള രാജുവിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും നടൻ സ്ഥലത്തുണ്ടായിരുന്നില്ല.ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു.
പിറ്റേന്ന് രാവിലെ 10ന് മണിയൻപിള്ള രാജു നേരിട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.താൻ മദ്യപിച്ചിരുന്നില്ലെന്നാണ് മണിയൻപിള്ള രാജു തുടക്കം മുതൽ അവകാശപ്പെട്ടത്.വിശദമായി അന്വേഷണത്തിന് വേണ്ടി പൊലീസ് രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചു.രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്.മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം നീങ്ങിയെങ്കിലും അപകടത്തിനുശേഷം വാഹനം നിർത്താതെ പോയതിനുള്ള കേസ് നിലനിൽക്കുന്നുണ്ട്.പരുക്കേറ്റവർക്ക് സഹായം നൽകാതെ സംഭവ സ്ഥലത്തുനിന്ന് പോയതിനാണ് കേസ്.
പരിശോധനാഫലം വന്നതോടെ ആശ്വാസമായെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു.താൻ വാഹനം ഓടിച്ചിട്ട് ഇതുവരെ ഒരു അപകടം ഉണ്ടായിട്ടില്ല.വേഗത കുറച്ചാണ് വാഹനം ഓടിക്കുന്നത്.അന്ന് ഒരു വശത്ത് വാഹനമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് വാഹനം മുന്നോട്ടെടുത്തത്.മറുവശത്തു നിന്നും വാഹനം വരുന്നുണ്ടോയെന്ന് നോക്കാൻ നിർത്തിയപ്പോഴായിരുന്നു അപകടം.മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാൻ ബാറിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.രക്ത സാമ്പിൾ എടുത്തു.കാര്യക്ഷമമായ അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും മണിയൻ പിള്ളരാജു പറഞ്ഞു.