കുഴികളിൽ കുരുങ്ങി പാലമൂട് നഗർ റോഡ്

Monday 20 April 2026 1:33 AM IST
തകർന്ന് കിടക്കുന്ന കുരീപ്പുഴ പാലമൂട് നഗറിലെ റോഡ് (ചെല്ലന്റെ വഴി)

കൊല്ലം: കുരീപ്പുഴ പാലമൂട് നഗറിലെ റോഡ് (ചെല്ലന്റെ വഴി) പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി നാളേറെയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ബൈപ്പാസിൽ ധന്യ സൂപ്പർമാർക്കറ്റിന് സമീപം വലതുവശത്തെ ഈ വഴിയിൽ കൂടിയാണ് ഭൂരിഭാഗം പേരും നീരാവിൽ ജംഗ്ഷനിലേക്ക് പോകുന്നത്.

റോഡിന്റെ പലഭാഗത്തും ടാറും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. റോഡിന്റെ ഇരു വശങ്ങളിലും നിരവധി വീടുകളുമുണ്ട്. റോഡ് തകർന്നു കിടക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമായ അവസ്ഥയയാണ്. കുഴികളുണ്ടെന്നറിയാതെ എത്തുന്ന ബൈക്ക് യാത്രികർ പെട്ടെന്നു വാഹനം വെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.

ഒഴിയാത്ത ദുരിതം

ടാറില്ലാത്ത റോഡിൽ പൊടിശല്യവും രൂക്ഷമാണ് ഇപ്പോൾ. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളക്കെട്ടാണ് മറ്റൊരു ശല്യം. റോഡ് ഏത് കുഴിയേത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാവും. റോഡിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. മഴസമയത്ത് മാലിന്യം അഴുകി പരിസരമാകെ ദുർഗന്ധം നിറയും. കൂടാതെ മലിനജലം റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തും. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുമെങ്കിലും പിന്നെയും മാലിന്യ നിക്ഷേപം തുടർക്കഥയാണ്.

ഈ റോഡിലൂടെയുള്ള യാത്ര കഷ്ടമാണ്. മഴയത്താണ് കൂടുതൽ ബുദ്ധിമുട്ട്

പ്രദേശവാസികൾ

കുരീപ്പുഴ, നീരാവിൽ ഡിവിഷനുകളിലായിട്ടായിരുന്നു മുൻപ് ഈ റോഡ്. അതുകൊണ്ട് തന്നെ ടെൻഡർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ റോഡ് പൂർണമായും നീരാവിൽ ഡിവിഷനിലാണുള്ളത്. റോഡ് നവീകരണത്തിനായുള്ള ആദ്യത്തെ പ്രോജക്ടിൽ തന്നെ ഈ റോഡും ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കും. മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും

ആ‌ർ.മഹേഷ്, കൗൺസിലർ, നീരാവിൽ ഡിവിഷൻ