കൊഹ്ലിയേയും ഗെയ്‌ലിനേയും  പിന്നിലാക്കി പുതിയ റെക്കാഡ്;  783 ദിവസങ്ങൾക്ക് ശേഷം ബാബറിന്  സെഞ്ച്വറി

Monday 20 April 2026 5:39 PM IST

പെഷവാർ: നീണ്ട കാത്തിരിപ്പിന് ഒടുവിൽ പാക് സൂപ്പർ താരം ബാബർ അസം ഫോമിലേക്ക് തിരിച്ചെത്തി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് പെഷവാർ സാൽമി നായകനായ ബാബർ അസം സെഞ്ച്വറിയുമായി കരുത്തുകാട്ടിയത്. ട്വന്റി- 20 ക്രിക്കറ്റിലെ വമ്പൻ റെക്കാഡുകളിൽ വിരാട് കൊഹ്ലിയേയും ക്രിസ് ഗെയ്‌ലിനേയും പിന്നിലാക്കിയാണ് താരം സെഞ്ച്വറി കുറിച്ചത്.

ട്വന്റി-20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കാഡ് ഇനി ബാബറിന് സ്വന്തം. 338 ഇന്നിംഗ്സുളിൽ നിന്നാണ് ബാബർ ഈ നാഴികക്കല്ല് പിന്നിട്ടത്. ക്രിസ് ഗെയ്ൽ (344 ഇന്നിംഗ്സ്), വിരാട് കൊഹ്ലി (360 ഇന്നിംഗ്സ്) എന്നിവരെയാണ് ബാബർ മറികടന്നത്.

കരിയറിലെ ബാബറിന്റെ 12ാം സെഞ്ച്വറിയാണിത്. ഇതോടെ ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും ബാബർ മാറി. 22 സെഞ്ച്വറികളുമായി ക്രിസ് ഗെയ്‌ലാണ് ബാബറിന് മുന്നിലുള്ളത്.

മത്സരത്തിൽ 52 പന്തുകൾ നേരിട്ട ബാബർ 6 ഫോറുകളും 4 സിക്സറുകളും സഹിതം 100 റൺസെടുത്ത് പുറത്താകാതെ ക്രീസിൽ തന്നെ നിലയുറപ്പിച്ചു. ബാബറിന്റെ മികവിൽ പെഷവാർ സാൽമി നിശ്ചിത 20 ഓവറിൽ 255 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് 137 റൺസിന് പുറത്തായതോടെ 18 റൺസിന്റെ ജയം പെഷവാർ സ്വന്തമാക്കി.

783 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് ഫോർമാറ്റിലുമായി ബാബർ സെഞ്ച്വറി നേടുന്നത്. ഇത് താരത്തിന്റെ ആരാധകർക്കും വലിയ ആവേശമായി. വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മുന്നോടിയായി ബാബർ ഫോമിലേക്ക് തിരിച്ചെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റിനും വലിയ ആശ്വാസമാണ് നൽകുന്നത്.