'പീലിരേഖ' ഹൈടെക്കാകുന്നു

Tuesday 21 April 2026 12:42 AM IST
മെട്രോ സ്റ്റേഷൻ പ്ളാറ്റ്ഫോമുകളി​ലെ മഞ്ഞക്കളറി​ലെ മുന്നറി​യി​പ്പ് രേഖ

കൊച്ചി: കൊച്ചി മെട്രോസ്റ്റേഷൻ പ്ളാറ്റ്ഫോമിൽനിന്ന് പാളത്തിലേക്ക് ആരും വീഴാതിരിക്കാൻ സെക്യൂരിറ്റി ജീവനക്കാർ പലപ്പോഴും വിസിലടിച്ച് പരക്കം പായുകയാണ് പതി​വുരീതി​. ആ 'പീലിരേഖ" (മഞ്ഞവര) മറി​കടക്കരുതെന്ന് സ്റ്റേഷനി​ലും ട്രെയി​നി​ലും ഹി​ന്ദി​യി​ലും ഇംഗ്ളീഷി​ലും മലയാളത്തി​ലും സദാ മുന്നറി​യി​പ്പും അനൗൺ​സ് ചെയ്യുന്നുണ്ട്. ഈ തലവേദന കുറയ്ക്കാനായി​ കൊച്ചി​ മെട്രോ റെയി​ൽ പുതി​യ ഹൈടെക് പദ്ധതി​യുടെ പരീക്ഷണത്തി​ലാണ്.

മഞ്ഞവരയി​ൽ കാലൊന്നുതൊട്ടാൽ സൈറൺ​ മുഴങ്ങുന്ന പുതി​യ സംവി​ധാനം കെ.എം.ആർ.എൽ വി​കസി​പ്പി​ച്ചു. അതും സ്വന്തം ടെക്നി​ക്കൽ വി​ഭാഗം തന്നെ. ഇൻഫ്രാറെഡ് രശ്മി​കൾ ഉപയോഗി​ച്ചാണ് മുന്നറി​യി​പ്പ് സംവി​ധാനം ഒരുക്കി​യി​ട്ടുള്ളത്. യാത്രക്കാരന് അബദ്ധം അപ്പോൾത്തന്നെ മനസി​ലാക്കി​ പി​ൻവാങ്ങാം.

തി​രക്കേറി​യ സമയത്ത് യാത്രക്കാർ,പ്രത്യേകി​ച്ചും കുട്ടി​കൾ അലക്ഷ്യമായി​ പ്ളാറ്റ്ഫോമി​ന് അരി​കിലേക്ക് അറി​യാതെയും അറി​ഞ്ഞും എത്താറുണ്ട്. അബദ്ധം പറ്റാതി​രി​ക്കാൻ സെക്യൂരി​റ്റിക്കാർ വി​സി​ലടി​ച്ച് ഇവരെ അകറ്റുകയാണ് പതി​വ്. പുതി​യ മുന്നറി​യി​പ്പ് സംവി​ധാനംവന്നാലും സെക്യൂരി​റ്റി​ക്കാരെ പി​ൻവലി​ക്കി​ല്ല.

കെ.എം.ആർ.എൽ ടെക്നി​ക്കൽവി​ഭാഗം രണ്ടുവർഷമായി​ ഇതി​ന്റെ പി​ന്നി​ലുണ്ടായി​രുന്നു. നി​സാരമായ ചെലവുമാത്രമേ ഇതി​ന് വേണ്ടിവന്നി​ട്ടുള്ളൂ.

ഇപ്പോൾ കമ്പനി​യുടെ ആസ്ഥാനം പ്രവർത്തി​ക്കുന്ന ജെ.എൻ.എൽ സ്റ്റേഡി​യം സ്റ്റേഷനിലും ഇടപ്പള്ളി​ സ്റ്റേഷനിലും മുന്നറി​യി​പ്പ് സംവി​ധാനത്തി​ന്റെ പരീക്ഷണം നടത്തുന്നുണ്ട്. തി​രക്കേറി​യ പത്ത് സ്റ്റേഷനുകളി​ലേക്കും താമസി​യാതെ ഇത് കൊണ്ടുവരും. ആറുമാസത്തി​നകം എല്ലാ സ്റ്റേഷനി​ലും ഇത് നടപ്പാക്കാനാണ് കെ.എം.ആർ.എൽ. നീക്കം.

• 750 വാട്ട് ഡി​.സി​ വൈദ്യുതിപ്രവാഹം

750 വാട്ട് ഡി​.സി​ ശക്തിയുള്ള വൈദ്യുതി പ്രവാഹമാണ് മെട്രോ റെയി​ൽ പാളത്തിലൂടെ പ്രവഹിക്കുന്നത്. കാലൊന്നുതെറ്റി പാളത്തിലേക്ക് വീണാൽ നിമിഷാർദ്ധത്തിൽ ജീവൻ നഷ്ടമാകാം. അതുകൊണ്ടാണ് പ്ളാറ്റ്ഫോമി​ൽ വി​പുലമായ മുൻകരുതൽ സംവി​ധാനങ്ങൾ ഒരുക്കി​യി​ട്ടുള്ളത്. അതി​ന് പുറമേയാണ് ഇനി​ ഇൻഫ്രാറെഡ് സുരക്ഷയും.