മോഹൻലാലിന്റെ വിഷുസമ്മാനം, കുട്ടനാട്ടുകാർക്ക് കുടിവെള്ളം
ആലപ്പുഴ: കുടിവെള്ളക്ഷാമം നേരിടുന്ന കുട്ടനാട്ടിൽ മെഗാസ്റ്റാർ മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് ആർ.ഒ പ്ലാന്റുകൾ സ്ഥാപിച്ചു. കണ്ടങ്കരി, തലവടി പഞ്ചായത്തിലെ മുരിക്കോൽമുട്ട്, നെടുമുടി എന്നീ വാർഡുകളിലാണ് ശാന്തിതീർത്ഥം പദ്ധതി നടപ്പാക്കിയത്. കുട്ടനാട്ടുകാർക്ക് വിശ്വശാന്തി ഫൗണ്ടേഷന്റെ വിഷുകൈനീട്ടമാണിതെന്ന് മോഹൻലാൽ പറഞ്ഞു. ഈ വാർഡുകളിലെ 1000 കുടുംബങ്ങളിലായി നാലായിരത്തോളം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി പദ്ധതി ഉദ്ഘാടനം ചെയ്തു.
ദുഗർന്ധം വമിക്കുന്ന കുടിവെള്ളത്തിനെ ആശ്രയിക്കേണ്ടിവന്നിരുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമായി. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പലരും കുടിവെള്ളം ശേഖരിച്ചിരുന്നത്. കുടിവെള്ളം വിലയ്ക്കു വാങ്ങുന്നവരുമുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രദേശവാസികളുമായി മോഹൻലാൽ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. 2023ൽ എടത്വ പഞ്ചായത്തിലെ കൊടുപ്പുന്നയിൽ ആദ്യ സോളാർ ആർ.ഒ വാട്ടർ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്ലാന്റുകൾ. കൂടുതൽ സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്.
ഒരു ദിവസം 20 ലിറ്റർ വെള്ളം
പുതിയ പ്ലാന്റുകൾ വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റർ വീതം കുടിവെള്ളം ലഭിക്കും. മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണിവ. ഇവയോട് ചേർന്ന് കിണർ കുഴിച്ചിട്ടുണ്ട്. ഈ വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിട്ടുള്ള ആർ.എഫ് ഐഡി സ്കാൻ ചെയ്താണ് വെള്ളം ശേഖരിക്കേണ്ടത്. 20 ലിറ്റർ വെള്ളം എത്തിയാൽ പൈപ്പ് തനിയെ ഓഫ് ആകും. ഓട്ടോമാറ്റിക് സംവിധാനമായതിനാൽ ഓപ്പറേറ്ററുടെ ആവശ്യമില്ല.
വിശ്വശാന്തി ഫൗണ്ടേഷൻ
മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും പേരിൽ മോഹൻലാൽ 2015ൽ ആരംഭിച്ച സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ, പരിസ്ഥിതി മേഖലകളിൽ പ്രവർത്തിച്ചുവരുന്ന സംഘടന നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
മൂന്നുകിലോമീറ്റർ സഞ്ചരിച്ചാണ് ഞങ്ങൾ വെള്ളമെടുത്തിരുന്നത്. സ്വന്തം വാഹനമില്ലാത്തവർ ഓട്ടോയിൽ പോകണം. ശാന്തിതീർത്ഥം പദ്ധതി വലിയ ആശ്വാസമാണ്
-സി.കെ. മോഹനകുമാർ, മുരിക്കോൽമുട്ട് സ്വദേശി