കരിങ്ങാലിപ്പാടത്ത് വിളവെടുപ്പ്

Tuesday 21 April 2026 12:10 AM IST

പന്തളം: കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വലിയകൊല്ലാ പാടശേഖരത്തിൽ യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചു. 122 ഏക്കറുള്ള വലിയകൊല്ലായിലെ 25 ഏക്കറിലെ നെല്ലാണ് കൊയ്ത് തുടങ്ങിയത്. ഉമ, പൗർണമി വിത്താണ് ഇക്കുറി വിതച്ചത്.

കാറ്റടിച്ച് നെല്ല് വീണുകിടക്കുന്നതിനാൽ കൊയ്ത്തിന് താമസം അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിന് 2200 രൂപ വാടക കൊടുത്താണ് കൊയ്ത്ത് മെതിയന്ത്രം എത്തിച്ചിട്ടുള്ളത്. ഇപ്പോൾ ഒരു യന്ത്രം മാത്രമേ എത്തിച്ചിട്ടുള്ളു. കൂടുതൽ യന്ത്രങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ലിയകൊല്ലായ്ക്ക് സമീപത്തുള്ള ചിറ്റിലപ്പാടത്തും കൊയ്ത്ത് ആരംഭിച്ചു.

വേനൽമഴയും കാട്ടുപന്നിയും

രണ്ടാഴ്ച മുമ്പുണ്ടായ കാറ്റിലും വേനൽമഴയിലും വലിയകൊല്ലായിൽ നെല്ല് വെള്ളത്തിലേക്ക് ചാഞ്ഞ് കൃഷിനാശമുണ്ടായിരുന്നു. കതിരുനിരന്ന പാടത്താണ് കാറ്റുവീഴ്ച നാശംവിതച്ചത്.

നാലാഴ്ച മുമ്പ് പന്നിയുടെ വിളയാട്ടവും വ്യാപകമായി കൃഷി നശിക്കാൻ കാരണമായി. പന്നി കുത്തിയിളക്കി നശിപ്പിച്ച പാടത്താണ് കാറ്റ് നാശം വിതച്ചത്. മുടിയൂർക്കോണം ജ്യോതിസിൽ ഉഷാ സുഗതൻ കൃഷിചെയ്ത പാടത്താണ് കൂടുതലും നാശമുണ്ടായിട്ടുള്ളത്.

വിളവെടുപ്പ് കാലത്ത് മഴയില്ലാത്തത് കർഷകർക്ക് വലിയ അനുഗ്രഹമാണെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കുറവ് കാലതാമസത്തിന് കാരണമാകുന്നു.

കെ.സുഗതൻ, സെക്രട്ടറി

വലിയകൊല്ലാ പാടശേഖരസമിതി