തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിലക് വര്‍മ്മ; ഗുജറാത്തിനെതിരെ മുംബയ്ക്ക് കൂറ്റന്‍ സ്‌കോര്‍
അഹമ്മദാബാദ്: തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ തിലക് വര്‍മ്മയുടെ മികവില് മുംബയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് അടിച്ചെടുത്തത്. 45 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മ്മയാണ് ടോപ് സ്‌കോറര്‍. ആദ്യ പത്ത് ഓവറുകളില്‍ 74 റണ്‍സ് മാത്രം നേടിയ മുംബയ് അവസാന പത്ത് ഓവറുകളില്‍ 125 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 13(11), ഡാനിഷ് മാലെവാര് 2(4) എന്നിവര്‍ പെട്ടെന്ന് പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധീര്‍ 45(32) ബാറ്റിംഗില്‍ തിളങ്ങി. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവ് 15(10), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 15(16) എന്നിവര്‍ തിളങ്ങിയില്ല. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 1*(2) റണ്‍സ് നേടി പുറത്താകാതെ നിന്നു. തിലക് വര്‍മ്മ 45 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയും ഏഴ് സിക്‌സറുകളും സഹിതമാണ് 101 റണ്‍സ് നേടി പുറത്താകാതെ നിന്നത്.
ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ രണ്ടാം ജയമാണ് മുംബയ് ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയ മുന്‍ ചാമ്പ്യന്‍മാര്‍ പിന്നീട് നാല് കളികളില്‍ തോല്‍വി വഴങ്ങിയിരുന്നു. വെറും രണ്ട് പോയിന്റ് മാത്രമുള്ള മുംബയ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.