സാങ്കേതിക യൂണി. കൺട്രോളറെ തരംതാഴ്ത്തിയത് സർക്കാർ റദ്ദാക്കി #ഐ.എച്ച്.ആർ.ഡി ഡയറക്ടറും സർക്കാരും തുറന്ന പോരിൽ

Tuesday 21 April 2026 12:06 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ.വിനു തോമസിനെ പ്രൊഫസർ പദവിയിൽ നിന്ന് തരംതാഴ്‌ത്തിയ ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഉത്തരവ് സർക്കാർ റദ്ദാക്കി. തൃക്കാക്കര ഐ.എച്ച്.ആർ.ഡി മോഡൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്നപ്പോൾ സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയെന്നാരോപിച്ചായിരുന്നു നടപടി. റഫറൻസ് ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന് 4.22ലക്ഷത്തിന്റെ കരാർ നൽകിയിട്ട് ഇതുവരെ നടപടികൾ പൂർത്തിയാകാത്തതിന്റെ പേരിലാണ് നടപടി. വിജിലൻസ് അന്വേഷണത്തിനും ഐ.എച്ച്.ആർ.ഡി ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കോളേജിനോ സർക്കാരിനോ ധനനഷ്ടമുണ്ടായില്ലെന്ന് വിലയിരുത്തി ഡോ. വിനുതോമസിനെതിരായ തുടർനടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യമറിയിച്ച് സർക്കാർ കത്ത് നൽകിയ ശേഷവും ഡോ.വിനുവിനെതിരായ അന്വേഷണത്തിന് കോളേജ് ഡീനിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയോഗിച്ചു. അച്ചടക്ക നടപടികളിൽ സർക്കാരിന് അപ്പീൽ അധികാരമില്ലെന്നായിരുന്നു ഡയറക്ടറുടെ നിലപാട്. ഇതിനെതിരേ ഡോ.വിനു സർക്കാരിനെ സമീപിച്ചു. ഇത് സർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് ഡോ.വിനുവിനെ അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്‌ത്തി ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഉത്തരവിറക്കിയത്. ഡോ.വിനുവിനെതിരായ നടപടി ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ തലത്തിൽ മാത്രം അന്തിമമാക്കാൻ കഴിയുന്നതല്ലെന്നും എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയുള്ള തരംതാഴ്ത്തൽ നിയമപരമല്ലെന്നും കണ്ടെത്തിയാണ് സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കിയത്.

സർവകലാശാല പുറത്താക്കി,

തിരിച്ചെടുക്കണമെന്ന് സർക്കാർ

ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിനു തോമസ് ഡീനായി തുടരുന്നതിൽ അയോഗ്യതയുള്ളതുകൊണ്ട് വി.സി അദ്ദേഹത്തെ സർവ്വകലാശാലയിൽ നിന്നു വിടുതൽ ചെയ്തു. ഇതേ തുടർന്ന് വിനു തോമസിനെ അദ്ദേഹം വഹിച്ച പദവികളിൽ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി യൂണിവേഴ്സിറ്റി രജിസ്ട്രാറോട് ആവശ്യപ്പെട്ടു.

# വിടുതൽ ചെയ്ത ഒരാളെ തിരികെ പ്രവേശിപ്പിക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നില്ല.

മുൻപ് വിടുതൽ ചെയ്ത മുൻ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവരെ തുടരാൻ അനുവദിക്കണമെന്ന സർക്കാർ നിർദ്ദേശം സർവകലാശാല അംഗീകരിച്ചിരുന്നില്ല. ഇവ ഗവർണറുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

# മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി. എ. അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി യിൽ സ്ഥിരം ഡയറക്ടറായി നിയമിക്കുന്നതിനെതിരെ ഡോ.വിനു ഹർജ്ജി നൽകിയതിനെ തുടർന്നാണ് സ്ഥിരം ഡയറക്ടർ നിയമനം അരുൺ കുമാറിന് നഷ്ടപ്പെട്ടത്.