പോക്കറ്റ് പിഴിഞ്ഞ് നാരങ്ങ
മലപ്പുറം: കടുത്ത വേനൽച്ചൂട് കാരണം ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. നിലവിൽ ജില്ലയിൽ ഒരു കിലോ ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 220 രൂപയാണ്. നാല് ദിവസമായി വിലയിൽ മാറ്റമില്ല. നാല് മാസമായി ആഴ്ചയിൽ 20 രൂപ എന്ന തോതിൽ വില വർദ്ധിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. നോമ്പ് സമയത്ത് തന്നെ നാരങ്ങയുടെ വില വർദ്ധിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും നാരങ്ങകൾ എത്തിക്കുന്നത്. വേനലിൽ ഉല്പാദനം കുറഞ്ഞതും വില വർദ്ദനവിന് കാരണമാണ്. പല ബേക്കറികളിലും നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 10 മുതൽ 15 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാരങ്ങാ വെള്ളത്തിന് 20 മുതൽ 30 രൂപ വരെയാണ് പലയിടത്തും നിലവിൽ ഈടാക്കുന്നത്. സോഡാ നാരങ്ങ വെള്ളത്തിന് പലരും 30 രൂപയാണ് ഈടാക്കുന്നത്. കനത്ത ചൂടും ജലക്ഷാമവും മൂലം പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ചൂട് ഇനിയും കൂടുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ നാരങ്ങയുടെ വില ഉടനെ കുറയാൻ സാദ്ധ്യതയില്ലെന്ന് വ്യാപാരികൾ പറയുന്നു.
അച്ചാർ മേഖലയും
പ്രതിസന്ധിയിൽ
പല ചെറുകിട അച്ചാർ നിർമ്മാണ യൂണിറ്റുകളിലും ചെറുനാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് പ്രതിസന്ധിയിലായിട്ടുണ്ട്. വില കൂട്ടിക്കഴിഞ്ഞാൽ ഡിമാൻഡ് കുറയും. ചെറുനാരങ്ങയുടെ വില കൂടിയതിനാൽ പഴയ വിലയ്ക്ക് വിൽക്കാനും കഴിയുന്നില്ല. ഇത് വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അച്ചാറുകളിലൊന്നാണ് നാരങ്ങ.
ചെറുനാരങ്ങയ്ക്ക് നിലവിൽ ആവശ്യക്കാർ കൂടുതലാണ്. എന്നാൽ, പലരും കുറഞ്ഞ അളവിലാണ് വില വർദ്ധനവ് കാരണം വാങ്ങുന്നത്.
എം.എം വെജിറ്റബിൾസ് ഉടമ, മലപ്പുറം
ചെറുനാരങ്ങ വില - 220