സോളാർ വൈദ്യുതി ശേഖരിക്കാൻ 5 കേന്ദ്രങ്ങളിൽ 'ബെസ്' ഇക്കൊല്ലം

Tuesday 21 April 2026 12:13 AM IST

തിരുവനന്തപുരം: പകൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ശേഖരിച്ചുവച്ച് രാത്രിയിൽ ഉപയോഗിക്കാനുള്ള ബാറ്ററി എനർജി സ്‌റ്റോറേജ് (ബെസ്) പദ്ധതികളുടെ നിർമ്മാണം ത്വരിതഗതിയിൽ. സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ച് കാസർകോട് മൈലാട്ടിയിലും എൻ.എച്ച്.പി.സിയുമായി ചേർന്ന് ശ്രീകണ്ഠപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട് എന്നിവിടങ്ങളിലും നിർമ്മാണം പുരോഗമിക്കുകയാണ്.

2026 ഒക്‌ടോബറിൽ പൂർത്തിയാക്കാനാണ് കെ.എസ്.ഇ.ബി ശ്രമം. ബ്രഹ്‌മപുരം പദ്ധതി 2027 സെപ്തംബറിൽ പ്രവർത്തനസജ്ജമാക്കും.

600 കോടി നിർമ്മാണ ചെലവ് കണക്കാക്കുന്ന മൈലാട്ടിയിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയം 135 കോടി രൂപ വി.ജി.എഫ് അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പവർ സിസ്റ്റം ഡെവലപ്മെന്റ് ഫണ്ട് പദ്ധതിവഴി ബ്രഹ്‌മപുരത്ത് സ്ഥാപിക്കുന്ന ബെസിന് 90 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ സോളാർ വൈദ്യുതി ഉത്പാദനം സ്വകാര്യമേഖലയിൽ അടക്കം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംഭരണ സംവിധാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.

500 മെഗാവാട്ട് ശേഖരിച്ച്

4 മണിക്കൂർ ഉപയോഗിക്കാം

ബെസ് പ്രവർത്തനം തുടങ്ങുന്നതോടെ 500 മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് നാല് മണിക്കൂർ ഉപയോഗിക്കാനാവും. പീക്ക്‌സമയത്ത് ഇത്രയും വൈദ്യുതി ഉയർന്ന വില നൽകി വാങ്ങുന്നത് ഒഴിവാക്കാം. ട്രാൻസ്മിഷൻ ചാർജ് അടക്കം കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുമൂലമുള്ള മറ്റ് ചെലവുകളും കുറയ്ക്കാനാവും.

പദ്ധതി സ്ഥലം.........................................സംഭരണശേഷി മൈലാട്ടി (കാസർകോട്).............................. 125 മെഗാവാട്ട് ശ്രീകണ്ഠാപുരം (കണ്ണൂർ)................................40 മുള്ളേരിയ (കാസർകോട്)............................15 അരീക്കോട് (മലപ്പുറം).....................................30 പോത്തൻകോട് (തിരുവനന്തപുരം)........40 ബ്രഹ്‌മപുരം (എറണാകുളം).....................250