പ്രിൻസിപ്പലിനെ പ്രതി ചേർക്കണമെന്ന് നിതിൻരാജിന്റെ കുടുംബം

Tuesday 21 April 2026 12:00 AM IST

കണ്ണൂർ: ദന്തൽ കോളജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ കാരണക്കാരായ ഡോ.റാമിനെയും ഡോ.സംഗീതയെയും പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജിന്റെ കുടുംബം സിറ്റിപൊലീസ് കമ്മിഷണറെ സന്ദർശിച്ചു. നിതിന്റെ പിതാവ് വൈ.എൽ.രാജൻ,സഹോദരി രാഖി,ഭർത്താവ് അശോകൻ എന്നിവരാണ് ഇന്നലെ കമ്മീഷണർ പി.നിതിൻരാജിനെ സന്ദർശിച്ചത്. കള്ളങ്ങളും കപടങ്ങളും നിറഞ്ഞ ഒരു മാനേജ്‌മെന്റാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജിലേതെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്കായി ലോൺ ആപ്പിൽ നിന്ന് നിതിൻരാജ് പണം എടുത്തതും തിരിച്ചടവ് മുടങ്ങിയതും കുടുംബത്തിന് അറിയാമായിരുന്നു. എന്നാൽ ഈ വിവരം കോളജ് അധികൃതർ ഒരിക്കൽ പോലും രക്ഷിതാക്കളെ അറിയിച്ചില്ലെന്നും രാജൻ കുറ്റപ്പെടുത്തി. കേസിൽ കോളേജ് മാനേജ്‌മെന്റിന്റെ മൊഴിയെടുത്ത ശേഷമേ അറസ്റ്റ് ഉണ്ടാകുകയുള്ളൂവെന്ന് കമ്മീഷണർ പറഞ്ഞതായും രാജൻ വിശമാക്കി. പ്രതിസ്ഥാനത്തുള്ള ഡോ.റാമിന്റെയും ഡോ.സംഗീത നമ്പ്യാരുടേയും മുൻകൂർ ജാമ്യഹർജിക്കെതിരെ കക്ഷി ചേരാനാണ് നിതിന്റെ കുടുംബം കണ്ണൂരിലെത്തിയത്. കേസ് പരിഗണിക്കുന്ന 22 ന് തലശ്ശേരി കോടതിയിൽ ഹാജരാകും. ലോൺ ആപ്പ് ഭീഷണി ഉണ്ടായപ്പോൾ നിതിനെ സഹായിക്കുന്നതിനു പകരം അദ്ധ്യാപകർ അവനെ പ്രിൻസിപ്പലിന്റെ മുറിയിൽ കൂട്ടം ചേർന്ന് വിചാരണ ചെയ്തു. ഒരു 21 വയസ്സുകാരനോടു ചെയ്യാൻ പാടില്ലാത്ത ക്രൂരതയായിരുന്നെന്നും ആത്മഹത്യയിലേക്ക് നിതിനെ തള്ളിവിടുകയാണ് ചെയ്തതെന്നും രാജൻ പറഞ്ഞു.