'ഓപ്പറേഷൻ എർത്ത് ഗാർഡ്' അനധികൃത മണ്ണ് കൊള്ളയിൽ വിജിലൻസ് മിന്നൽ പരിശോധന കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

Monday 20 April 2026 11:20 PM IST

കാസർകോട്: അധികൃതരുടെ ഒത്താശയിൽ പെർമിറ്റ് സംഘടിപ്പിച്ചും പെർമിറ്റ് എടുക്കാതെയും നടക്കുന്ന 'അനധികൃത മണ്ണ് കൊള്ള'യിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ എർത്ത് ഗാർഡ്' എന്ന് പേരിൽ പഞ്ചായത്ത് ഓഫീസുകളിലും ജിയോളജി വകുപ്പ് ജില്ലാ ഓഫീസിലുമായിരുന്നു പരിശോധന.

കുമ്പള, മടിക്കൈ, കയ്യൂർ ചീമേനി, ചെറുവത്തൂർ പഞ്ചായത്ത് ഓഫീസുകളിലും കാസർകോട് ജിയോളജി ഓഫീസിലുമാണ് ഇന്നലെ രാവിലെ പത്തര മുതൽ വൈകുന്നേരം വരെ നീണ്ട പരിശോധന നടത്തിയത്.

3000 ചതരുശ്ര അടി വരെ മണ്ണെടുക്കാനുള്ള അനുമതിയാണ്‌ പഞ്ചായത്ത് ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നത്. അതിൽ കൂടുതൽ മണ്ണെടുക്കാൻ ജില്ലാ ജിയോളജി വകുപ്പാണ് അനുമതി നൽകേണ്ടത്. ഇങ്ങനെ നൽകിയ പെർമിറ്റുകളിൽ വ്യാപക ക്രമക്കേടുണ്ടായി. കൂടുതൽ അളവിൽ പെർമിറ്റ് എടുത്ത ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ വലിയ കൊള്ള നടന്നതായി കണ്ടെത്തി. കെട്ടിടം പണിയാനും മറ്റും മണ്ണ് നീക്കാൻ അനുമതി വാങ്ങിയ സ്വകാര്യ വ്യക്തികൾ ഒരു നിർമ്മാണവും നടത്താത്ത കേസു‌ം പിടികൂടി. ഓരോ പഞ്ചായത്തിലും നാലും അഞ്ചും കേസുണ്ട്. ഇഷ്ടം പോലെ മണ്ണ് കൊള്ള നടക്കുന്നുണ്ടെങ്കിലും കുമ്പള പഞ്ചായത്തിൽ ഇതുവരെ പെർമിറ്റ് നല്കാൻ ആരംഭിച്ചിട്ടില്ല.

കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണൻ, ഇൻസ്‌പെക്ടർ പി. നാരായണൻ, കോഴിക്കോട് എസ്.പി ഓഫീസിൽ നിന്നുള്ള മൂന്ന് ഇൻസ്‌പെക്ടർമാർ എന്നിവർ നേതൃത്വം നൽകി.പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർമാരും വിജിലൻസ് സംഘത്തിന്റെ പാരിശോധനയിൽ ഒപ്പമുണ്ടായിരുന്നു.

കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ

1. പെർമിറ്റ് ഇല്ലാതെ അനധികൃതമായി മണ്ണ് ഖനനം ചെയ്തു കടത്തുന്നു

2. പെർമിറ്റിൽ രേഖപ്പെടുത്തിയതിലും കൂടുതൽ അളവിൽ ഖനനം നടത്തുന്നു

3.ഡവലപ്പ്മെന്റ് പെർമിറ്റ് എടുത്ത് മണ്ണ് ഖനനം ചെയ്തിട്ടും നിർമ്മാണം തുടങ്ങാതെ തട്ടിപ്പ് നടത്തുന്നു

മണ്ണ് പെർമിറ്റുകളുടെ മറവിൽ പഞ്ചായത്തുകളിൽ വലിയ കൊള്ളയാണ് നടക്കുന്നത്. ജില്ലയിൽ നിന്നും കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച് തുടർ നടപടി സ്വീകരിക്കും.

വി. ഉണ്ണികൃഷ്ണൻ (കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി)