രാജ റോഡ് വികസനം: പദ്ധതി തുക 11.23 കോടി വർദ്ധിപ്പിച്ചു
ഭൂമി ഏറ്റെടുക്കുന്നതിന് 15.85 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറി
നീലേശ്വരം: രാജ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 15.85 കോടി രൂപ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) റവന്യൂ വകുപ്പിന് കൈമാറി. റോഡ് വികസനത്തിനാവശ്യമായ ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിനുള്ള 19/1 നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് ഉടൻ പുറത്തിറക്കും. ഭൂവുടമകൾക്ക് പുറമെ അംഗീകൃത വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയാണ് തുക. ഭൂ ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് എം. രാജഗോപാൽ എം.എൽ.എ അറിയിച്ചു.
നേരത്തേ അനുവദിച്ചത് 40.91 കോടി രൂപ
നേരത്തെ 40.91 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയ പദ്ധതിയാണ് 11.23 കോടി രൂപ വർദ്ധിപ്പിച്ച് 52.13 കോടി രൂപയായി കിഫ്ബി പുതുക്കിയത്. ജി.എസ്.ടി പരിഷ്‌കരണത്തിലെ വ്യതിയാനം ഉൾപ്പെടെ വിവിധ ഇനങ്ങളിലായി വർദ്ധിച്ച ചിലവ് ചൂണ്ടിക്കാട്ടിയാണ് തുക ഉയർത്തിയത്. 24.19 കോടി രൂപ കച്ചേരിക്കടവ് പാലം നിർമാണത്തിനും 16.72 കോടി രൂപ രാജ റോഡ് വികസനത്തിനുമായിരുന്നു നീക്കിവച്ചത്. കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി സൗജന്യമായി നൽകിയതാണ്. അതേസമയം, നിരക്ക് വർധനയെ തുടർന്ന് രാജ റോഡ് നവീകരണത്തിന് നേരത്തേ അനുവദിച്ച 16.72 കോടി രൂപ തികയില്ലെന്ന വിലയിരുത്തലിലാണ് എസ്റ്റിമേറ്റ് തുക 27.94 കോടി രുപയാക്കി ഉയർത്തിയത്.
പുതിയ നിരക്ക് ബ്രാക്കറ്റിൽ പഴയത് 1. നഷ്ടപരിഹാരം -17 കോടി (9.15 കോടി) 2. എൽ.എ കണ്ടിജൻസി നിരക്ക്- 50 ലക്ഷം 3. റോഡ് നിർമാണം- 8.39 കോടി (6.26 കോടി) 4. കെ.എസ്.ഇ.ബി യൂട്ടിലിറ്റി ഷിഫ്റ്റിങ് - 51.49 ലക്ഷം (50 ലക്ഷം) 5. വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ്- 2.98 ലക്ഷം
റോഡ് വികസനം നീളം- 1.680 കി.മീറ്റർ വീതി- 13.60 മീറ്റർ ക്യാരേജ് വേ -ഏഴ് മീറ്റർ പേവ്ഡ് ഷോൾഡർ - 1.5 മീറ്റർ (ഇരുവശത്തും) ഡ്രയിനേജ്, കൾവർട്ടുകൾ, യൂട്ടിലിറ്റി ഡക്ട്, നടപ്പാത
എം. രാജഗോപാൽ എം.എൽ.എ ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കും